താനൂരിൽ അപകടം നടന്ന ബോട്ട്, ജസ്റ്റിസ് വി.കെ. മോഹനൻ, പി.കെ. ഫിറോസ് | Photo: Mathrubhumi
താനൂര്‍: ഒട്ടുംപുറം തൂവല്‍തീരത്തെ 22 പേരുടെ ജീവന്‍ കവര്‍ന്ന ബോട്ടപകടം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ തനി സി.പി.എം. പ്രവര്‍ത്തകനെപ്പോലെ പെരുമാറുന്ന വ്യക്തിയാണെന്ന് യൂത്ത് ലീഗ്. മൂവാറ്റുപുഴയിലെ പാര്‍ട്ടി ഓഫീസില്‍ താമസിച്ച് പഠിച്ച് പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ജസ്റ്റിസ് വി.കെ. മോഹനന്‍. ആ വ്യക്തി അന്വേഷിക്കുമ്പോള്‍ ഒരുനിലയ്ക്കും അന്വേഷണം നിഷ്പക്ഷമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ആരോപിച്ചു.
'നേരത്തേ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ചപ്പോഴെല്ലാം വിവിധ പദവികളില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ് ജസ്റ്റിസ് വി.കെ. മോഹനന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ജസ്റ്റിസ് വി.കെ. മോഹനന്‍ ആയിരുന്നു. പ്രതികളേയും അവര്‍ക്ക് ഒത്താശ ചെയ്തു എന്ന് വിശ്വസിക്കുന്നവരേയും രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനെ വെച്ചത് എന്ന് സംശയിക്കുകയാണ്. താനൂരില്‍ ബോട്ടപകടങ്ങള്‍ ഉണ്ടാവുമെന്ന് നാട്ടുകാര്‍ മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെങ്കില്‍ ദുരന്തത്തില്‍ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. ജനവികാരത്തില്‍ നിന്നും രാജിവെച്ചൊഴിയുന്നതില്‍ നിന്നും രക്ഷപ്പെട്ട് പാര്‍ട്ടിയുടെ സംരക്ഷണം ലഭിക്കാന്‍ വേണ്ടിയാണ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഇപ്പോള്‍ സി.പി.എം. മെമ്പര്‍ഷിപ്പ് എടുക്കുന്നതെന്നും പി.കെ. ഫിറോസ് കുറ്റപ്പെടുത്തി.
മന്ത്രി തലത്തില്‍ നിര്‍ദേശം ലഭിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് അപകടസാധ്യത മുന്‍കൂട്ടി കണ്ടിട്ടും നടപടിയെടുക്കാതിരിക്കാന്‍ സാധിക്കില്ല. മന്ത്രി അബ്ദുറഹ്‌മാനും ടൂറിസം മന്ത്രിയും തുറമുഖ മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിട്ടാണ് പോലീസ് നിര്‍ത്തിവെപ്പിച്ച സര്‍വീസ് അവിടെ പുനരാരംഭിച്ചത്. അതുകൊണ്ടാണ് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍, നിഷ്പക്ഷമായ അന്വേഷണം അല്ല ഇപ്പോള്‍ നടക്കുന്നതെന്നും പി.കെ. ഫിറോസ് പറഞ്ഞു.
'താനൂര്‍ ഡിവൈ.എസ്.പി. ബോട്ടുടമ നാസറും മന്ത്രിയുള്‍പ്പെടെയുള്ളവരുമായി കമ്പനി ചേര്‍ന്ന് വൈകുന്നേരങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കാര്യം നാട്ടുകാര്‍ ഉള്‍പ്പടെ പറഞ്ഞ കാര്യമാണ്. അത്തരമൊരു ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയാല്‍ ഇവരെ സംരക്ഷിക്കുന്ന നിലപാട് മാത്രമേ സ്വീകരിക്കുകയുള്ളൂ' ഫിറോസ് ആരോപിച്ചു.
എന്നാല്‍, തമാശയും കുട്ടിക്കളിയുമായല്ല സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ കാണുന്നത് മന്ത്രിയും താനൂര്‍ എം.എല്‍.എയുമായി വി. അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണം. ബന്ധപ്പെട്ട കുറ്റവാളികള്‍ക്ക് ശിക്ഷവാങ്ങി നല്‍കണം. ഇനി ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കണം. അതുകൊണ്ടാണ് സര്‍ക്കാര്‍ സമയം പോലും പാഴാക്കാതെ അന്വേഷണം പ്രഖ്യാപിച്ചത്. ഹൈക്കോടതിയും പോലീസും അന്വേഷണം നടത്തുന്നുണ്ട്. അതിനോടൊപ്പം ജുഡീഷ്യല്‍ അന്വേഷണവും വരികയാണ്. ഈ സമയത്ത് പ്രതികരണം നടത്തുന്നത് ശരിയല്ല. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ സി.പി.എമ്മും ഇടതുപക്ഷ സര്‍ക്കാരും താത്പര്യപ്പെടുന്നില്ല. ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടിയ കേസാണിത്. ആരോപണങ്ങള്‍ ധാരാളമുണ്ടാവും. അതിന് മറുപടി പറയേണ്ട സമയത്ത് മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: pk firoz against tanur boat mishap accident judicial commission chairman vk mohanan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..