കൊച്ചി: പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷാ ജോസ് കെ മാണി യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത തള്ളി പി ജെ ജോസഫ്. സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കെ എം മാണിയുടെ കുടുംബത്തില്‍നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് നിര്‍ബന്ധമില്ല. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ നാലാം തിയതിയോടെ ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ തീരുമാനമാകുമെന്നും ജോസഫ് പറഞ്ഞു. 

വിജയസാധ്യതയാണ് മുഖ്യവിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 23നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 27ന് വോട്ടെണ്ണല്‍ നടക്കും.  കെ എം മാണിയുടെ നിര്യാണത്തോടെയാണ് പാലാ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

content highlights: pj joseph rejects reports of candidature of nisha jose k mani in pala by election