ന്യൂഡൽഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ പി ജെ ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫ് വിഭാഗത്തിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു.
ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കണം എന്നാണ് ആവശ്യം. എന്നാൽ ഇടക്കാല ആവശ്യം എന്ന നിലയിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിക്കാൻ ഉള്ള ശ്രമം ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്താൽ ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാർത്ഥികൾ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നത് തടയാൻ കഴിയും എന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ.
ജോസഫ് വിഭാഗത്തിന് വേണ്ടി ഭരണഘടന വിദഗ്ദ്ധരായ സീനിയർ അഭിഭാഷകർ സുപ്രീം കോടതിയിൽ ഹാജരാകും. കഴിഞ്ഞ തവണ ജോസ് കെ മാണി ഡൽഹിയിൽ എത്തിയപ്പോൾ സീനിയർ അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപലിനോട് ചർച്ച നടത്തിയിരുന്നു. തടസ്സ ഹർജിയിൽ ജോസ് വിഭാഗത്തിന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ മകൻ കൃഷ്ണൻ വേണുഗോപാൽ ഹാജരാകാനാണ് സാധ്യത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..