രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷിക സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ ജി.ആർ. അനിൽ, അഹമ്മദ് ദേവർകോവിൽ, എം.വി. ഗോവിന്ദൻ, കെ. രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു എന്നിവർ സമീപം
തിരുവനന്തപുരം: അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്ത് വ്യവസായസ്ഥാപനങ്ങളുടെ എണ്ണം മൂന്നുലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറുലക്ഷം പേർക്ക് പുതുതായി തൊഴിൽനൽകും. ഇതിൽ ഒരു ലക്ഷം തൊഴിലവസരങ്ങളെങ്കിലും അഭ്യസ്തവിദ്യർക്ക് യോജിക്കുന്നതാകും.
ഈ സാമ്പത്തികവർഷം സംരംഭകവർഷമായി ആചരിച്ച് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കും. അതുവഴി മൂന്നുലക്ഷം പേർക്കെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഇടതുസർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനത്തിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശാഗന്ധി ഓഡിറ്റോറിയത്തിൽനടന്ന സമാപനച്ചടങ്ങിൽ റവന്യൂമന്ത്രി കെ. രാജൻ അധ്യക്ഷനായി. ഇടതുസർക്കാർ ആറുവർഷം പൂർത്തിയാക്കുമ്പോൾ അത് ജനകീയബദലിന്റെ ആറുവർഷമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ
• 2030-ഓടെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാക്കും.
• ഇക്കൊല്ലം 25.5 ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ
• പത്തുജില്ലകളിലായി 443 കിലോമീറ്റർ റോഡ് ഏഴുവർഷത്തേക്ക് പരിപാലനത്തിനായി കരാർ നൽകുന്നു.
• 504 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും.
• തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ സിറ്റി ഗ്യാസ് കണക്ഷൻ ഉറപ്പാക്കും.
• കോവളം-ബേക്കൽ ജലപാത യാഥാർഥ്യമാക്കും.
• കോട്ടയത്തെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിനെ 3200 കോടി വിറ്റുവരവുള്ള സ്ഥാപനമായി മാറ്റും.
• 5235 കോടി രൂപ ചെലവിടുന്ന തിരുവനന്തപുരം റിങ് റോഡ് പദ്ധതി നവംബറിൽ നിർമാണം തുടങ്ങും.
• മുഴുപ്പിലങ്ങാട് ബീച്ചിലെ നക്ഷത്രഹോട്ടൽ നിർമാണം 2023-ൽ പൂർത്തിയാക്കും.
• ഒരു വർഷത്തിനുള്ളിൽ 125 കിലോമീറ്റർ ദേശീയപാത നിർമാണം പൂർത്തിയാക്കും.
• ആക്കുളം തടാകം പുനരുജ്ജീവനം ആരംഭിക്കും.
• പുതുവൈപ്പിൻ എൽ.എൻ.ജി. ടെർമിനൽ ഡിസംബറോടെ കമ്മിഷൻചെയ്യും.
• 1510 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിക്കും. 170 ആശുപത്രികളിൽക്കൂടി ഇ-ഹെൽത്ത് വ്യാപിപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..