തിരുവനന്തപുരം: പിണറായി വിജയനെ സിപിഎമ്മിന്റെ നിയസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. പാര്‍ട്ടി  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്. 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി പ്രഖ്യാപനം നടത്തിയത്. 

എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത വിഎസ്സിനെ ഇക്കാര്യം വിളിച്ചുവരുത്തി അറിയിക്കുകയായിരുന്നു.

പ്രായവും അതുമൂലമുള്ള അവശതകളും കൊണ്ടാണ് വിഎസ്സിനെ ഇത്തവണ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന് യെച്ചൂരി പറഞ്ഞു. 

വിഎസ് 'കേരളത്തിലെ പാര്‍ട്ടിയുടെ ഫിദല്‍ കാസ്ട്രോ ആണെ'ന്നും യെച്ചൂരി പറഞ്ഞു. ക്യൂബന്‍ വിപ്ലവനേതാവ് കാസ്ട്രോ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. പാര്‍ട്ടിയുടെ വഴികാട്ടിയായി കാസ്ട്രോയെ പോലെ വിഎസ് തുടരുമെന്ന് യെച്ചൂരി പറഞ്ഞു.

പാര്‍ട്ടിയെ വന്‍വിജയത്തിലെത്തിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും യെച്ചൂരി അഭിനന്ദിച്ചു. ഇടതുമുന്നണിയെ അധികാരത്തിലേറ്റിയ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നതായും യെച്ചൂരി പറഞ്ഞു.