തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായരീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ്സുയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ യശസ്സിന് കോട്ടമുണ്ടാക്കും. തീര്‍ത്ഥാടനകേന്ദ്രത്തിന്റെ കീര്‍ത്തിക്ക് മങ്ങലേല്‍പ്പിക്കുന്നതിനും അത് ഇടയാക്കുമെന്ന് ഭക്തജനങ്ങള്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയില്‍ ശബരിമലയിലുണ്ടായത്. അതിന് നേതൃത്വം കൊടുത്തവര്‍ തന്നെ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാനും താത്പര്യമുള്ളവരുടെ കൈകളില്‍ കേരള ജനത ഒരിക്കലും പെട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളില്‍ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നവിധം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. നവമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. 

പ്രളയക്കെടുതിയെ നേരിടാന്‍ നാം കാട്ടിയ യോജിപ്പ് ഇക്കാര്യത്തിലും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകണം. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളുമായി മുഴുവന്‍ ഭക്തജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Content Highlights: pinarayi vijayan, sabarimala pilgrimage, sabarimala women entry