തിരുവനന്തപുരം: സിപിഎമ്മാണ് മുഖ്യശത്രു എന്ന രീതിയിൽ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന നിലപാട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് പറയേണ്ടത് അവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ടത് നേതൃത്വമാണെന്നും ഇത് നേരത്തെയും ഉന്നയിച്ച പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അല്ല, സിപിഎമ്മാണ് മുഖ്യശത്രു എന്ന് പുതിയ കെ.പി.സി.സി അധ്യക്ഷന്‍ തുടര്‍ച്ചയായി പറയുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായുരുന്നു മുഖ്യമന്ത്രി.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വരുന്ന ഘട്ടത്തില്‍ അത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് കേണ്‍ഗ്രസ് നേതൃത്വം ആലോചിക്കേണ്ട കാര്യമാണ്. അതിന്റെ തുടര്‍ച്ചായ വര്‍ത്തമാനമാണ് കെ.പി.സി.സി. അധ്യക്ഷന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. അത് കോണ്‍ഗ്രസ് നയമാണോ എന്ന് കോണ്‍ഗ്രസാണ് വ്യക്തമാക്കേണ്ടത്. - മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് ഈ രാജ്യം സ്ഥീകരിക്കുന്ന പൊതുനിലപാടില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണതെന്നും കേരളത്തിലെ കോണ്‍ഗ്രസിന് പ്രത്യേക നിലപാടുണ്ടോ എന്നറിയില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായടക്കം കൂട്ടുകൂടുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയുണ്ടായിട്ടില്ല. അഖിലേന്ത്യാ നേതൃത്വം വന്നപ്പോഴും കേന്ദ്ര ഏജന്‍സികളുടെ ഫലപ്രദമായ അന്വേഷണമില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നല്ലോ ആക്ഷേപം. രണ്ടും കൂടി സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ലക്ഷ്യമിട്ടുകൊണ്ടാണ് നീങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pinarayi Vijayan reply to K Sudhakaran