തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കു പിന്നാലെ സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തി ചുമതല ഏറ്റെടുത്തത്. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. 

ഇന്നു വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 

 

pinarayi vijayan ministry
രണ്ടാം പിണറായി സര്‍ക്കാരിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്കു ശേഷം.

പ്രൊഫ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, ജെ. ചിഞ്ചുറാണി എന്നീ മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. കേരളചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുന്നണിക്ക് തുടര്‍ഭരണം ലഭിക്കുന്നത്. 99 സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്. 

തുടര്‍ച്ചയായി രണ്ടാംതവണ അധികാരത്തിലെത്തിയ പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. അതേസമയം പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. 

content highlights:pinarayi vijayan reaches secretariat assumes charge as chief minister