പിണറായി വിജയൻ | Photo: Mathrubhumi
കോഴഞ്ചേരി: ബി.ജെ.പി.യെ നേരിടാൻ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നുവരാൻ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആറന്മുളയിൽ സി.പി.എം. കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരമായ വി.എസ്. ചന്ദ്രശേഖരപിള്ള സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആവശ്യമെങ്കിൽ ബി.ജെ.പി.യിലേക്ക് പോകും എന്നുപറയുന്ന ഒരു കെ.പി.സി.സി. അധ്യക്ഷനാണ് ആ പാർട്ടിക്കുള്ളത്. വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽനിന്ന് ഒരു പ്രമുഖൻ ബി.ജെ.പി.യിലേക്ക് പോകുമെന്നും പിണറായി വിജയൻ പറഞ്ഞു.
കോൺഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇപ്പോൾ ബി.ജെ.പി.യിലേക്ക് കൂടുമാറിക്കഴിഞ്ഞു. ബി.ജെ.പി. ഇനിയും ഭരിച്ചാൽ രാജ്യത്തിന് വിനാശമാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ ഉണ്ടാകണം. പ്രാദേശിക കക്ഷികൾ ചേരുന്ന ബദൽ രാഷ്ട്രീയമാണ് വരാനിരിക്കുന്നത്.
കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരേ വലിയ ജനവികാരം ഉണ്ടാകും. ഇതിന് തുടക്കമിട്ടുകൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ജാഥ നടത്തും. വൻകിട കോർപറേറ്റുകളുടെ കീശ വീർപ്പിക്കുകയാണ് കേന്ദ്രസർക്കാർ. ആഗോള പുരോഗതി പട്ടികയിൽ രാജ്യം ഏറെ പിന്നിലാണ്. അതിസമ്പന്നരുടെ കടവും നികുതി കുടിശ്ശികയും എഴുതിത്തള്ളുമ്പോൾ ആയിരങ്ങൾ തെരുവിൽ പട്ടിണി കിടക്കുന്നു.
യു.പി.എസ്.സി. കൊടുത്തതിനേക്കാൾ കൂടുതൽ തൊഴിൽ കേരള സർക്കാർ നൽകി. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തി. പശ്ചാത്തലസൗകര്യവികസനത്തിനായി 64000 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്. കേന്ദ്രത്തിന്റെ അടിച്ചമർത്തൽ ശ്രമങ്ങളെയെല്ലാം ശക്തമായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറന്മുള എൻജിനീയറിങ് കോളേജ് മൈതാനത്ത് ചേർന്ന സമ്മേളനത്തിൽ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. പത്മകുമാർ അധ്യക്ഷനായി. മുഖ്യമന്ത്രിക്ക് ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ പള്ളിയോടത്തിന്റെ മാതൃക സമ്മാനിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മന്ത്രി വീണാ ജോർജ്, സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Pinarayi Vijayan prominent person from Congress will go to BJP before the upcoming election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..