തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊട്ടു മുന്‍പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ എട്ട് ശതമാനം കുറവു വന്നിട്ടുണ്ട്. രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്.

സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി ആക്ടീവ് കേസുകള്‍ 1,70,669 ആയിരുന്നു. അതില്‍ ശരാശരി രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നത്. ഈ കാലയളവില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ ഏകദേശം 7,000  കേസുകളുടെ കുറവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ അഞ്ച് ശതമാനം കുറഞ്ഞു. ഒരു തവണ രോഗം വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം, ഈ വര്‍ഷത്തേക്കാള്‍ ആറ് മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നത്.

നിലവില്‍ സംസ്ഥാനത്തെ ആര്‍ ഫാക്റ്റര്‍ 0.94 ആണ്. ആര്‍ ഫാക്റ്റര്‍ ഒന്നിലും കുറയുമ്പോള്‍ രോഗം കുറഞ്ഞു വരുന്നു എന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയര്‍ന്ന ആര്‍ ഫാക്റ്റര്‍ കോട്ടയം ജില്ലയിലാണ്. 1.06 ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലും ആര്‍ ഫാക്റ്റര്‍ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 0.72 ആണ് അവിടത്തെ ആര്‍ ഫാക്റ്റര്‍. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണ്. ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്ന രോഗികളില്‍ 52.7% പേരും വാക്‌സിന്‍ എടുക്കാത്തവരാണ്. കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍ക്കാണ് സംഭവിച്ചത്. മരിച്ചവരില്‍ 26.3% പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരും, 7.9% പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരുമാണ്. വാക്‌സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതില്‍ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു.

പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്‌സിന്‍ നല്‍കാനായി. ആദ്യ ഡോസ് വാക്‌സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്‌സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148). സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാനുള്ളത്. 

90 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ നല്‍കിയതിനാല്‍ അതനുസരിച്ചുള്ള ഇളവുകളും സംസ്ഥാനം നല്‍കി വരികയാണ്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ നിരക്ക് തൊണ്ണൂറു ശതമാനമെത്തിയ സാഹചര്യത്തില്‍ പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഇനിയും നിഷ്‌കര്‍ഷിക്കുന്നതില്‍ സാംഗത്യമില്ല.  ഒരു ഡോസ് വാക്‌സിനേഷനെങ്കിലും സ്വീകരിച്ചവരോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് ബാധിതരായി രണ്ടാഴ്ച്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. അത് ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. 

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇന്‍ഹൗസ് ഡെനിംഗ് അനുവദിക്കും. രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ.  എ.സി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായി അനുവദിക്കാവുന്നതാണ്. വാക്‌സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല.  കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Pinarayi vijayan press meet, covid vaccination, lockdown relaxation