തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലാ പ്രതിസന്ധികളെയും നേരിട്ട് സര്‍ക്കാര്‍ നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫിന്റെ പ്രകടനപത്രികയുടെ ഭാഗമായി ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ആക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിനാകെ മാതൃകയായി മാറി. പൊതുമേഖലയെ നഷ്ടക്കണക്കിന്റെ ഇടവേളകളില്‍നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയ്ല്‍ പൈപ്പ് ലൈനും ദേശീയ പാതാവികസനവും വൈദ്യുത പ്രസരണ പദ്ധതികളും യാഥാര്‍ഥ്യമാക്കി. അതോടൊപ്പം വിജ്ഞാനസമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള കെ ഫോണ്‍ പോലുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോയെന്നും അദ്ദേഹം പറഞ്ഞു. 

ഓഖിയും നിപ്പയും നമ്മെ വിഷമിപ്പിച്ച ദുരന്തങ്ങളായിരുന്നു. ഏറ്റവും പ്രയാസം അനുഭവിക്കുന്ന ജനത ഉള്‍പ്പെടെ അണിചേര്‍ന്ന രക്ഷാമതില്‍ ഉയര്‍ത്തിക്കൊണ്ടാണ് പ്രളയത്തെ നാം അതിജീവിച്ചത്. തുടര്‍ന്നാണ് കോവിഡിന്റെ വ്യാപനം. അത് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ നാം സ്വീകരിക്കുമ്പോള്‍ സ്വാഭാവികമായും ജനജീവിതം താളംതെറ്റും. അവ മറികടക്കുന്നതിനുള്ള സാമ്പത്തികസഹായങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രാജ്യത്ത് ആദ്യമായി രൂപം നല്‍കാന്‍ നമുക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 20,000 കോടിരൂപയുടെ പാക്കേജിനും തുടര്‍ന്നുള്ള നാട്ടിലെ ഉല്‍പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ളവ പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയിലും നവോസ്ഥാനമൂല്യങ്ങളിലും അടിയുറച്ച് നില്‍ക്കുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ശക്തമായി ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പലഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആളിപ്പടര്‍ന്നപ്പോഴും മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായി എന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഒരു പ്രധാനനേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: pinarayi vijayan press meet after first cabinet meeting