തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തെ നയിക്കുന്നവര്‍ ഗുരു നിന്ദയാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാക്കെടുത്താല്‍ ജാതിവിരോധം പ്രചരിപ്പിക്കുന്നവരാണ് ഇവര്‍. ഗുരുവിന്റെ പേര് പറഞ്ഞുകൊണ്ട് ജാതി ചിന്തയുടെയും മത ചിന്തയുടെയും കാലുഷ്യം സമൂഹമനസ്സില്‍ പരത്താനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. 

ജാതി പറയരുത് എന്ന് പഠിപ്പിച്ച ഗുരുവിനോട് ജാതി പറഞ്ഞാലെന്താ എന്ന് ചോദിക്കുന്നവരാണ് ഇന്ന് ഗുരുവിന്റെ അനുയായികളായി നടിക്കുന്നവര്‍. ഇത് ഗുരുനിന്ദയാണ്. ഗുരുവിന്റെ ശിഷ്യനാകാനുള്ള ഏറ്റവും വലിയ യോഗ്യത ജാതിയും മതവും ഇല്ലാത്തവനാകുക എന്നതാണ്. ഇന്ന് യോഗത്തെ നയിക്കുന്നവര്‍ ഗുരുവിന്റെ ഈ ചിന്തതന്നെയാണോ പിന്തുടരുന്നത് എന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടുത്ത ജാത്യാഭിമാനം പുലര്‍ത്തുന്ന ഒരു വിഭാഗം ഗുരുവിന്റെ കാലത്തുതന്നെ യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഗുരുവിനെ ഇവര്‍ ജാതിയുടെ ചട്ടക്കൂട്ടില്‍ അടയ്ക്കാന്‍ ശ്രമിച്ചു. തന്റെ വിശ്വാസത്തിന് എതിരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞാണ് ഗുരു ജാതിവിരുദ്ധ വിളംബരം നടത്തിയത്. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന പ്രസ്താവനയായിരുന്നു ആ വിളംബരത്തിന്റെ കാതല്‍. ഗുരു എന്തിനുവേണ്ടിയാണോ പ്രവര്‍ത്തിച്ചത് അതിനെ ഇല്ലാതാക്കുന്ന പ്രവണതകള്‍ ഇന്ന് സമൂഹത്തില്‍ ശക്തിപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.