തിരുവനന്തപുരം: കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി. ശിവന്‍കുട്ടികുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവെക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

സുപ്രീം കോടതി വിധി അന്തിമമാണെന്നും അത് അനുസരിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണെന്നും ഇന്നലെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ നിയമപരമായി നേരിടും. കേസിനെ ആവശ്യമായ രീതിയില്‍ കോടതിയില്‍ നേരിടാനുള്ള നടപടി സ്വീകരിക്കും. ഇതിന്റെ പേരില്‍ രാജിവെക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധിക്കെതിരായ പരാമര്‍ശമാണ് മുഖ്യമന്ത്രി സഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സുപ്രീം കോടതി വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

Content Highlights: Pinarayi Vijayan on resignation of V. Sivankutty