കൊച്ചി:  ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ വിവാദപ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നു. അത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

എങ്ങോട്ടാണ് കേരളീയ സമൂഹത്തെ തിരിച്ചുവിടേണ്ടതെന്ന് ഇത്തരം ആളുകള്‍ ആഗ്രഹിക്കുന്നതിന്റെ പതിപ്പായിട്ടാണ് മൃത്യുഞ്ജയ മന്ത്രം പുരോഗമന ചിന്താഗതിക്കാരെ ഓര്‍മിപ്പിക്കുന്നതിലൂടെ കാണാന്‍ കഴിയുന്നത്. ഇത്തരം പ്രവണതകള്‍ നമ്മുടെ നാടിന്റെ അന്തരീക്ഷത്തെ മാറ്റിമറിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തിക്കോളു എന്ന മുന്നറിയിപ്പു നല്‍കുന്നതായിരുന്നു ശശികലയുടെ പ്രസംഗം. പറവൂരില്‍ ഹിന്ദു ഐക്യവേദിയുടെ ചടങ്ങില്‍ വച്ചായിരുന്നു ശശികല പരാമര്‍ശം നടത്തിയത്.

കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ നല്‍കിയ പരാതിയില്‍ ശശികലയുടെ വിവാദ പ്രസംഗത്തെ കുറിച്ച് എറണാകുളം റൂറല്‍ എസ് പി അന്വേഷണം ആരംഭിച്ചു. എഴുത്തുകാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപച്ചാണ് വി ഡി സതീശന്‍ പരാതി നല്‍കിയത്.