തിരുവനന്തപുരം: മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകനുമായി ഓണത്തിന് ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. തനിക്കൊപ്പം ഫോട്ടോ എടുത്തതുകൊണ്ട് അന്വേഷണത്തില്‍ ഒരു ആനുകൂല്യവും അയാള്‍ക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, അത് മറ്റേതെങ്കിലും തരത്തില്‍ ചാര്‍ത്തിക്കൊടുത്ത് കുറ്റം ഉണ്ടാക്കാന്‍ പറ്റില്ല. അയാള്‍ ആ ദിവസം വീട്ടില്‍ വന്നു എന്നത് ശരിയാണ്. ഒരു കൂട്ടര്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണം എന്ന് പറഞ്ഞ് അയാള്‍ ഫോട്ടോ എടുത്തു എന്നതും വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഓണത്തിന് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ മാധ്യമപ്രർത്തകന്‍ ദീപക് ധര്‍മ്മടം പങ്കുവെച്ചിരുന്നു. മരംമുറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്‍റ പേര് ഉയന്നുവന്നതോടെയാണ് ഇത് വിവാദമായത്.

Content Highlights: pinarayi vijayan on deepak dharmadam issue