തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള കണക്കനുസരിച്ച് 1,77,09,529 പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 1,24,64,589 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 52,44,940 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്നും വാക്‌സിന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ കേരളം വാക്‌സിന്‍ വിതരണം ചെയ്യുന്ന വേഗതയില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മാതൃകവചം എന്ന പേരില്‍ ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചാണ് വാക്‌സിന്‍ എടുപ്പിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ നാല്പതിനായിരത്തോളം ഗര്‍ഭിണികളാണ് വാക്‌സിന്‍ എടുത്തത്. എന്നാല്‍ ചിലര്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. 

ഗര്‍ഭിണികള്‍ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്‌സിന്‍ എടുക്കേണ്ടതാണ്. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാകുകയും അപൂര്‍വം പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് വാക്‌സിന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ആശങ്ക കൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണം.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് കാലയളവിലും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. അതിനാല്‍ ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോള്‍, മുലയൂട്ടുന്ന സമയമായാല്‍ പോലും വാക്‌സിന്‍ എടുക്കുന്നതിന് തടസമില്ല. ഇതിനകം 18 വയസ്സിന് മുകളിലുള്ള 50 ശതമാനത്തിന് ഒരു ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി അതിവേഗം വാക്‌സിനേഷന്‍ നടത്താന്‍ കഴിഞ്ഞാല്‍ അധികം വൈകാതെ 70 ശതമാനംപേര്‍ക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹ്യപ്രതിരോധശേഷി കൈവരിച്ച് നമുക്ക് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.

ജനുവരി 16 മുതല്‍ സംസ്ഥാനം മികച്ച രീതിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം നടത്തി വരികയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. ഇതുവരെ 1.77 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. ഒന്നാം ഘട്ടം മുതല്‍ വാക്‌സിന്‍ വിതരണത്തില്‍ സ്വകാര്യ വാക്‌സിനേഷന്‍ സെന്ററുകള്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളുടെ സെഷന്‍ സൈറ്റുകളായി പ്രവര്‍ത്തിക്കുകയും അത്തരം കേന്ദ്രങ്ങളിലൂടെ വാക്‌സിനുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സ്വകാര്യ വാക്‌സിനേഷന്‍ സെന്ററുകള്‍ക്ക് 150 രൂപ നിരക്കില്‍ കോവിഡ് വാക്‌സിന്‍ നല്‍കുകയും 250 രൂപയ്ക്ക് (സേവന ചാര്‍ജായി 100 രൂപ ഈടാക്കുന്നു) പൊതുജനങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്തു.

മെയ് ഒന്ന് മുതല്‍ പുതിയ വാക്‌സിനേഷന്‍ സ്ട്രാറ്റജി നടപ്പിലാക്കിയതോടെ രാജ്യത്തെ മൊത്തം വാക്‌സിന്‍ ഉല്‍പാദനത്തിന്റെ 25 ശതമാനം സ്വകാര്യമേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വകാര്യ സെന്ററുകളോട് നിര്‍മാതാക്കളില്‍ നിന്ന് കോവിഷീല്‍ഡിന് 600 രൂപയും  ജിഎസ്ടിയും കോവാക്‌സിന് 1200 രൂപയും ജിഎസ്ടിയും എന്ന നിരക്കില്‍ നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സേവന ചാര്‍ജിനായി 150 രൂപയ്ക്ക് ഒരു ക്യാപ്പിംഗും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു. ഈ സമ്പ്രദായമനുസരിച്ച് കോവിഷീല്‍ഡിന്റെ കാര്യത്തില്‍ കുറഞ്ഞത് 3000 ഡോസുകള്‍ ഓര്‍ഡര്‍ ചെയ്യേണ്ടതായി വന്നു. ഇതു ചെറുകിട, ഇടത്തരം ആശുപത്രികളെ വാക്‌സിനേഷന്‍ ഡ്രൈവില്‍ പങ്കെടുക്കുന്നത് തടയുന്ന സാഹചര്യമുണ്ടായി.

വാക്‌സിന്‍ വാങ്ങുന്നതിനായി മന്ത്രാലയം ജൂലൈ മുതല്‍ പുതിയ സംവിധാനം നടപ്പാക്കി. പുതിയ സംവിധാനം അനുസരിച്ച് സ്വകാര്യ സെന്ററുകള്‍ കോവിന്‍ പോര്‍ട്ടാല്‍ വഴി വാക്‌സിനായി ഓര്‍ഡര്‍ നല്‍കുകയും നിര്‍മാതാവിന് കോവിന്‍ വഴിയല്ലാതെ നേരിട്ട് പണമടയ്ക്കുകയും ചെയ്യണം.  കോവിഷീല്‍ഡ് 6000 ഡോസിനും കോവാക്‌സിന്‍ 2880 ഡോസിനും മുകളിലാണ് ഓര്‍ഡര്‍ എങ്കില്‍ കമ്പനി തന്നെ നേരിട്ട് വാക്‌സിന്‍ എത്തിച്ചു നല്‍കും. എന്നാല്‍ ഓര്‍ഡര്‍ അതിലും കുറവും കോവിഷീല്‍ഡ് ചുരുങ്ങിയത് 500 ഡോസും കോവാക്‌സിന്‍ 160 ഡോസും ആണെങ്കില്‍ സംസ്ഥാനത്തിന്റെ വിതര ശൃംഖലയിലൂടെ അത് വിതരണം ചെയ്യും. 

പുതിയ നയമനുസരിച്ച് 289 ആശുപത്രികള്‍ പുതുതായി ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. 19 വരെയുള്ള കണക്കുകള്‍ പ്രകാരം 2,01,320 ഡോസുകള്‍ ഇതുവരെ സംസ്ഥാനത്തിന്റെ ശൃംഖല വഴി വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. നേരിട്ടുള്ള ഓര്‍ഡര്‍ ലഭിച്ചത് 13,95,500 ഡോസ് വാക്‌സിനാണ്. 5,93,000 ഡോസ് ആണ് ഇതുവരെ നിര്‍മാതാക്കളില്‍ നിന്നും ലഭ്യമായിരിക്കുന്നത്. 250 രൂപ നിരക്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ 8,29,976 ഡോസുകള്‍ സ്വകാര്യ സെന്ററുകള്‍ വഴി നല്‍കി. മെയ് ഒന്നിന് ശേഷം (ജൂലൈ 19 വരെ) 10,03,409 ഡോസുകള്‍ സ്വകാര്യ സെന്ററുകള്‍ കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങി വിതരണം ചെയ്തു. 

സ്വകാര്യമേഖലയിലെ വാക്‌സിനേഷന്റെ മേല്‍നോട്ടവും പിന്തുണയും ഉറപ്പാക്കാന്‍ എ.ഡി.എച്ച്.എസ് എഫ്.ഡബ്ല്യുവിന്റെ അധ്യക്ഷതയില്‍ ഒരു ഉപസമിതി രൂപീകരിച്ചു. സ്വകാര്യമേഖലയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് വിജയകരമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് സ്വകാര്യ ആശുപത്രികളേയും ഐഎംഎ പോലുള്ള അസോസിയേഷനുകളേയും ഏകോപിപ്പിക്കുന്നതില്‍ സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി സജീവ പങ്കുവഹിക്കുന്നു. സ്വകാര്യ സെന്ററുകളെ പിന്തുണയ്ക്കുന്നതിനായി പതിവ് അവലോകന മീറ്റിംഗുകളും പരിശീലനങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Pinarayi vijayan on Covid Vaccination