തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മദ്യനയം പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എല്‍.ഡി.എഫിന്‍െ മദ്യ നയം വ്യക്തമാണ്. മദ്യ വര്‍ജനം തന്നെയാണ് നയം. മദ്യം നിരോധിച്ചാല്‍ മറ്റ് ലഹരികളെ ആശ്രയിക്കും. അത് കൊണ്ടാണ് മദ്യ നിരോധനത്തെ അനുകൂലിക്കാത്തത്. അദ്ദേഹം വ്യക്തമാക്കി.  

മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്നും മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം വിളിക്കാത്ത നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനോടുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.

ഓരോ മന്ത്രിസഭാ യോഗത്തിന് ശേഷവും മാധ്യമപ്രവര്‍ത്തകരെ കാണേണ്ട കാര്യമില്ല. മുഖ്യമന്ത്രി പി.ആര്‍ പണി എടുക്കേണ്ട ആളല്ല.മന്ത്രിമാരുടേത് പബ്ലിക് റിലേഷന്‍ ജോലിയുമല്ല. പബ്ലിക് റിലേഷന്‍ വകുപ്പ് ചെയ്യേണ്ട പണി അവര്‍ ചെയ്തു കൊള്ളും.അദ്ദേഹം വ്യക്തമാക്കി.

താന്‍ കരുത്തനാണെന് രമേശ് ചെന്നിത്തല പറഞ്ഞാല്‍ വീണുപോകുന്നവനല്ല താന്‍.താന്‍ കരുത്തനല്ല മഹാ സാധുവാണ്. തലശേരി സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ല. പ്രതികരിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കുന്നതിന് തുല്യമാകും. അന്വേഷണം അതിന്റെ വഴിക്ക് പോകുമെന്നതാണ് തന്റെ രീതി. പിണറായി പറഞ്ഞു.

അഴിമതി ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല. ശക്തമായ ഭരണ നിര്‍വഹണം ഉണ്ടാകും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുന്‍ നിലപാടില്‍ തന്നെയാണ് ഉറച്ച് നില്‍ക്കുന്നത്.  കേരളത്തിന്റെ നിലപാട് എന്താണോ അതില്‍ തന്നെ ഉറച്ച് നില്‍ക്കും.

മാലിന്യ നിര്‍മാര്‍ജനത്തില്‍ സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ പദ്ധതി രൂപവത്ക്കരിക്കും. സംസ്ഥാനത്തെ നിക്ഷപ സൗഹൃദ സംസ്ഥാനമാക്കും. യൂസ് ലസ് ഗ്രോ മോര്‍ എന്ന നയമായിരിക്കും സര്‍ക്കാരിന്റേത്. മുഖ്യമന്ത്രി വ്യക്തമാക്കി.