തിരുവനന്തപുരം: മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന് എന്‍.സി.പി. നേതൃയോഗത്തിന്റെ തീരുമാനം. എ.കെ. ശശീന്ദ്രന്‍ തന്നെ അഞ്ചു വര്‍ഷവും മന്ത്രിസ്ഥാനത്ത് തുടരും. പാര്‍ട്ടിക്ക് ലഭിച്ച ഏക മന്ത്രിസ്ഥാനം പരിചയ സമ്പന്നനായ എ.കെ. ശശീന്ദ്രന്‍ തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണ് എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായത്. തോമസ് കെ. തോമസ് നിയമസഭാകക്ഷി നേതാവാകുമെന്ന് സംസ്ഥാന സമിതി യോഗത്തിനുശേഷം പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നു ചേര്‍ന്ന യോഗത്തില്‍  എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ അടക്കമുള്ളവര്‍ തോമസ് കെ. തോമസിനുവേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയും ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്. അദ്ദേഹത്തിന് രണ്ടര വര്‍ഷമെങ്കിലും മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യമാണ് ടി.പി. പീതാംബരന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചത്.

എന്നാല്‍, എ.കെ. ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന അഭിപ്രായമാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. തോമസ് കെ. തോമസിന് പരിചയസമ്പത്തില്ല, ആദ്യമായി എം.എല്‍.എ. ആകുന്ന വ്യക്തിയാണ് എന്നീ കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. തോമസ് ചാണ്ടിയുടെ മരണത്തിനുശേഷം പൊതുരംഗത്ത് സജീവമായ അദ്ദേഹത്തിന് മതിയായ രാഷ്ട്രീയ പ്രവര്‍ത്തന പരിചയവും ഇല്ലെന്ന കാര്യവും സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെയാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന തീരുമാനത്തില്‍ എന്‍.സി.പി. എത്തിച്ചേര്‍ന്നത്.

Content Highlights: Pinarayi Vijayan Ministry NCP AK Saseendran Thomas K Thomas