തിരുവനന്തപരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.  http://cmo.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാം. തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക്  പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.

സോഷ്യല്‍ മീഡിയ വഴി നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും പരാതി കൈകാര്യം ചെയ്യാന്‍ ഫെയ്‌സ്ബുക്ക് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് കണ്ടത് കൊണ്ടാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക്  പേജില്‍ കുറിച്ചു. 

നേരിട്ട് പരാതി നല്‍കാന്‍ വരുന്നവര്‍ക്ക് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന് മുന്നിലുള്ള സ്‌ട്രെയിറ്റ് ഫോര്‍വാര്‍ഡ് എന്ന പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കാവുന്നതാണ്. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ അഞ്ച് മണിവരെയാണ് പരാതി നല്‍കാന്‍ കഴിയുക. നല്‍കുന്ന പരാതികള്‍ കമ്പ്യൂട്ടറൈഡ്‌സ് സംവിധാനം വഴി അപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.