തൃശൂര്‍: കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ വയര്‍ലസ് സെറ്റ് കൊണ്ട് ബൈക്ക് യാത്രികന്റെ തലയ്ക്കടിച്ച സംഭവം അപക്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ ഒറു കാരണവശാലും പോലീസ് സേനയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ പുതിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

യാത്രക്കാരനു തലയ്ക്ക് പരിക്കേറ്റതിന്റെ ദൃശ്യവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റം അപക്വമാണ്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തും. അതിനാല്‍ സേന ജാഗ്രത പുലര്‍ത്തണം.  മൂന്നാം മുറയെക്കാള്‍ ശാസ്ത്രീയരീതിയിലുള്ള കുറ്റാന്വേഷണമാണ് വേണ്ടത്. അടുത്തിടെ തെളിഞ്ഞ പല കേസുകളും ഈ രീതിയിലുള്ളതായിരുന്നു. ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വൈക്കിട്ട് 5.30 ന് കൊല്ലം ആശ്രാമം ലിങ്ക് റോഡില്‍ വെച്ച്‌ കൊല്ലം കടപ്പാക്കട സ്വദേശി സന്തോഷിനാണ് വയര്‍ലസ് സെറ്റ് കൊണ്ടുള്ള അടിയില്‍ സാരമായി പരിക്കേറ്റത്. ചെവിക്കു മുകളിലാണ് അടികൊണ്ടത്. സംഭവത്തെ തുടര്‍ന്ന് ഏകദേശം അരമണിക്കൂറോളം സന്തോഷിനോടൊപ്പം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

തുടര്‍ന്ന് ആശ്രാമം ലിങ്ക് റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും സതംഭിച്ചു. പിന്നീട് എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കി സന്തോഷിനെ ആസ്പത്രിയിലേക്ക് മാറ്റിയത്.