കൊച്ചി: ഹര്‍ത്താല്‍ വികസനവിരുദ്ധമല്ലെന്ന് തെളിയിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പണിമുടക്കും ഹര്‍ത്താലും നിക്ഷേപകര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് വിജയിച്ചയാളാണ് ഐബിഎസ് സ്ഥാപകന്‍ വി.കെ.മാത്യൂസെന്ന് പിണറായി പറഞ്ഞു. ഐബിഎസ് സോഫ്റ്റ്വെയറിന്റെ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഓഫീസ് കാമ്പസ് ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെക്കുറിച്ച് പല കേന്ദ്രങ്ങളിലും തെറ്റായ രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പുതിയ ആശയങ്ങളും പുതിയ സംരംഭങ്ങളും സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നത് അഭിനന്ദനാര്‍ഹമാണ് -മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിക്ഷേപകസംരംഭങ്ങള്‍ക്കായി 300 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാലം മാറുന്നതിനനുസരിച്ചുള്ള തയ്യാറെടുപ്പ് നമുക്ക് വേണം. എന്നാല്‍ നമ്മുടെ വളര്‍ച്ച മാതൃഭാഷയും തനിമയും മറന്നുകൊണ്ടുള്ളതാകരുത്. പുതിയ വിദ്യാഭ്യാസരീതിയുടെ ഭാഗമായി നാടിന്റെ തനിമ ഉള്‍ക്കൊള്ളാതെയാണ് ചെറുപ്പക്കാര്‍ വളരുന്നത്. ഇത് പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ ശാപമാണിത്. അതുകൊണ്ടു തന്നെ മുതിര്‍ന്നവരെ വായിക്കാന്‍ പഠിപ്പിക്കുന്നതിനു വരെ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നു -മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതികതരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ക്രമാനുഗതാകണമെന്നും അത് തല്ലിപഴുപ്പിച്ചുണ്ടാക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോഴൊക്കെ ഒരു കുതിച്ചു ചാട്ടം ഉണ്ടായേക്കാം. എന്നാല്‍ അനാവശ്യമായി കാലമെത്തുന്നതിനുമുമ്പെ തല്ലിപഴുപ്പിച്ചാല്‍ ഗുണകരമായ ഫലം ഉണ്ടാകില്ല -പിണറായി വ്യക്തമാക്കി.