തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടക്കും. ഇന്ന് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞ എന്ന് നടത്തണം എന്നകാര്യത്തിലാണ് ചര്‍ച്ചയില്‍ തീരുമാനമുണ്ടായത്. 17 ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുക. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടന്നു. എന്നാല്‍ അന്തിമ തീരുമാനം ആയില്ല. ഇക്കാര്യത്തില്‍ സിപിഐ നിലപാട് അറിയിച്ചിട്ടുണ്ട്.

ഒരു എംഎല്‍എ മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. സിപിഎമ്മും സിപിഐയും ഇനി ഒരുവട്ടംകൂടി ചര്‍ച്ച നടത്തും. അതിനുശേഷം കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലേക്ക് എത്തും. ഈ മാസം 17 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലാവും മന്ത്രിമാരുടെ കാര്യത്തിലും എണ്ണത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാവുക.

Content highlights: Pinarayi Vijayan government: swearing in on May 20