പിണറായി വിജയൻ | ഫോട്ടോ: ബിജു വർഗീസ്മാതൃഭൂമി
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റ് ഇതിനാല്‍ പിന്‍വലിച്ചിരിക്കുന്നു. ഇന്നലെ വരെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിച്ചതൊക്കെ ശരി. അത് മറന്നേക്കൂ. മടിയില്‍ കനമില്ലാത്തതു കൊണ്ടും ഉപ്പ് തിന്നാത്തതു കൊണ്ടുമാണ് ക്ഷണിച്ചത്. ഇത്തിരി ഇടം കൊടുത്തപ്പോള്‍ അതുവഴി ചവിട്ടി താഴ്ത്താന്‍ നോക്കിയാലോ. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്താന്‍ ഇത് മഹാബലിയും വാമനനുമൊന്നുമല്ലല്ലോ. അന്വേഷിക്കാന്‍ വന്നത് സ്വര്‍ണക്കടത്താണ്. അത് അന്വേഷിച്ച് തിരിച്ചുപോണം. കണ്ണില്പെടുന്നതെല്ലാം അന്വേഷിക്കണം എന്ന ദുര്‍ബുദ്ധി നല്ലതല്ല.
സ്വര്‍ണത്തിന്റെ മാറ്റ് നോക്കി നോക്കി ലൈഫിലേക്ക് കയറിയപ്പോള്‍ സൂചന നല്‍കിയതാണ്. സി.ബി.ഐ. ലാന്‍ഡ് ചെയ്യുന്നതറിഞ്ഞാണ് ഒരു മാസം മടിച്ചുനിന്ന് വിജിലന്‍സിനെ അന്വേഷണ ചുമതല ഏല്പിച്ചത്. കോടതി വഴി ഫുള്‍ ബ്രേക്കിടാന്‍ കഴിഞ്ഞില്ലെങ്കിലും ഫാഫ് ബ്രേക്ക് ഇടാന്‍ കഴിഞ്ഞു. അവിടെയും നിര്‍ത്തുന്ന ലക്ഷണമില്ല. സ്വര്‍ണത്തിലും ലൈഫിലും ഒരേ പ്രതികള്‍ അണിനിരക്കുന്നു. യു.വി. ജോസിനെ വീണ്ടും വിളിപ്പിച്ചു. സൂചന കണ്ടു പഠിച്ചില്ലെങ്കില്‍. യു.വി. ജോസ് സി.ഇ.ഒ. ആണ്. അതിന് മുകളില്‍ ലൈഫിന്റെ ചെയര്മാന് മുഖ്യമന്ത്രിയാണ്.
ഇത്രയും ഗാംഭീര്യത്തോടെ, ഉറച്ച ശബ്ദത്തില്‍, താക്കീതിന്റെ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി സംസാരിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഒരു നിമിഷം കണിശക്കാരനായ പാര്‍ട്ടി സെക്രട്ടറിയായി പിണറായി മാറിയോ എന്ന് പോലും ചിന്തിച്ചുപോയി. നിയസഭയില്‍ പി.ടി. തോമസും ഷാഫി പറമ്പിലും നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കിയപ്പോള് ഒന്നോ രണ്ടോ തവണ ഇതുപോലെ ആ 'ശംഖനാദം' മുഴങ്ങിയത് കേട്ടതാണ് അപവാദം. പണ്ട് കോട്ടയം സമ്മേളനത്തില്‍ ബഹളമുണ്ടാക്കിയവരോട് ഇത് ഉഷ ഉതുപ്പിന്റെ ഗാനമേളയല്ല എന്ന് പറഞ്ഞത് ഒരു ഹെഡ് മാഷുടെ റോളിലായിരുന്നു. അവിടെ തീര്‍ന്നു ശബ്ദകോലാഹലം. അതാണ് പിണറായി.
താക്കീതിന്റെയും മുന്നറിയിപ്പിന്റെയും ഭാഷ മുഖ്യമന്ത്രി സ്വീകരിച്ച ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ കീഴിലുള്ള വിജിലന്‍സ് ലൈഫ് അഴിമതിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയത്. മാതൃകാപരമായ അന്വേഷണം നടത്താന്‍ ഇവിടെ വിജിലന്‍സ് ഉള്ളപ്പോള്‍ സി.ബി.ഐ. എന്തിന് എന്ന് ചോദിച്ചാണ് തടയിടാന്‍ നോക്കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്നെ പ്രതിയാക്കാനുള്ള ഇച്ഛാശക്തിക്ക് ഇതിലും വലിയ തെളിവ് വേണോ വിജിലന്‍സിന്റെ കാര്യപ്രാപ്തിക്ക്. സി.ബി.ഐയെക്കാള്‍ വേഗത്തിലാണ് വിജിലന്‍സ് ലൈഫില്‍ നീങ്ങുന്നത്. ലൈഫില്‍ സി.ബി.ഐയെ പാതി തടഞ്ഞത് നിയമവഴിയിലൂടെയാണ്. സി.ബി.ഐയെ പൂര്‍ണമായും തടയാനുള്ള പരിചയാണോ വിജിലന്‍സ് അന്വേഷണം എന്ന് കേസ് ഈ മാസം പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വാദം കേള്‍ക്കുമ്പോഴേ അറിയൂ.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷിക്കുമ്പോള്‍ സുതാര്യമാകുമോ അന്വേഷണം? അതൊരു തര്‍ക്കവിഷയമാണ്. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന് 2011-ല്‍ വിജിലന്‍സ് കോടതി ഉത്തരവിടുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുപ്പുറപ്പിച്ചിട്ടു പോലുമില്ലായിരുന്നു. പിണറായിയും വി.എസും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴില്‍ വിജിലന്‍സ് അന്വേഷിച്ചാല്‍ അന്വേഷണം സത്യസന്ധമാകില്ല അതുകൊണ്ട് വിജിലന്‍സ് ഒഴിയണം എന്ന് പ്രസ്താവിച്ചത് കോടിയേരിയാണെന്നാണ് ഓര്‍മ്മ.
ആ ഒരൊറ്റ പ്രസ്താവന കച്ചിത്തുരുമ്പാക്കിയാണ് ഉമ്മന്‍ ചാണ്ടി രാത്രിക്ക് രാത്രി വിജിലന്‍സ് വിശ്വസ്തനായ തിരുവഞ്ചൂരിന് കൈമാറി കൈകഴുകിയത്. അന്ന് കോടിയേരിയുടെ ആ പ്രസ്താവന അനവസരത്തിലാണെന്ന് പല നേതാക്കളും അഭിപ്രായപ്പെടുകയുണ്ടായി. ഫലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ രാജിക്കുള്ള സാധ്യത ആ പ്രസ്താവന അടച്ചു. അന്ന് കോടിയേരിയെങ്കില് ഇന്ന് ചെന്നിത്തല.
അന്വേഷണത്തിന് പരിധിയും വേലിയും നിശ്ചയിച്ചുള്ള ഉത്തരവാണ് ഒരര്‍ഥത്തില്‍ മുഖ്യമന്ത്രി വായിച്ചത്. താക്കീതിന്റെയും മുന്നറിയിപ്പിന്റെയും, ഒരു പരിധിവരെ ഭീഷണിയുടേയും സ്വരമായിരുന്നു അത്. അന്വേഷണ ഏജന്‍സികള്‍ അതിരു വിടരുത് എന്ന് പറയുമ്പോഴും അതില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ദുഷ്ടലാക്ക് എന്നൊരു വാക്ക് അദ്ദേഹം പറയുന്നില്ല. ബി.ജെ.പിയാണോ ഇതിന് പിന്നില്‍ എന്ന ചോദ്യത്തിനും കൃത്യമായി അദ്ദേഹം മറുപടി പറഞ്ഞില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പുള്ള അവസാന മന്ത്രിസഭാ യോഗം ബുധനാഴ്ച നടക്കും. സി.ബി.ഐയോടും നാളെ 'കടക്കൂ' പുറത്തെന്ന് പറയാനാണ് എല്ലാ സാധ്യതയും. സി.ബി.ഐക്കുള്ള സ്വാഭാവിക അനുമതി എടുത്തുകളയാനാണ് എല്ലാ സാധ്യതയും. അതോടെ കേന്ദ്ര ഏജന്‍സിയെ ക്ഷണിച്ച് മുമ്പ് കേന്ദ്രത്തിന് കത്തെഴുതിയത് പഴങ്കഥയാകും.
സംസ്ഥാനം കീഴാളരല്ല. ഇനി വാളയാര്‍ കടന്നുവരണമെങ്കില്‍ കേന്ദ്ര ഏജന്‍സികളും സി.ബി.ഐയും ഇങ്ങോട്ട് ക്ഷണക്കത്ത് അയക്കണം. അനുവാദം ലഭിച്ചാല്‍ വരാം. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ എന്ന് പറയും പോലെ നമ്മുടെ കേസെല്ലാം നമ്മുടെ വിജിലന്‍സിന് എന്ന മുദ്രാവാക്യത്തിന്റെ കാലമാണിനി.
മുഖ്യമന്ത്രിയുടെ പ്രകോപനം അസ്ഥാനത്താണെന്ന് പറയുക വയ്യ. സ്വര്‍ണ്ണക്കടത്തില്‍ പൂര്‍ണസമ്മതവും ലൈഫില്‍ അരസമ്മതവും നല്‍കിയതാണ്. അത് ഔദാര്യമല്ല. വിശ്വാസം കൊണ്ടായിരുന്നു. അത് ലൈസന്‍സാക്കി അഭിമാന പദ്ധതികളായ കെ ഫോണ്‍, ഡൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി പദ്ധതി, സ്മാര്‍ട്ട് സിറ്റി ഇതിലേക്കെല്ലാമുള്ള കയ്യേറ്റം കണ്ടുനില്‍ക്കാനാവില്ല.
നാഴികയ്ക്ക് 40 വട്ടം ആരോപണ പരമ്പര നടത്തുന്ന ചെന്നിത്തലയും സുരേന്ദ്രനും പോലും ഈ പദ്ധതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു കത്തും എവിടെയും നല്‍കിയിട്ടില്ല. ഒരു കോടതിയേയും സമീപിച്ചില്ല. അങ്ങനെ ആര്‍ക്കും പരാതിയില്ലാത്ത പദ്ധതികളില്‍ ആരോടും ചോദിക്കാതെ വളഞ്ഞ വഴിക്ക് അന്വേഷിക്കാനുള്ള അതിബുദ്ധി മനസ്സിലാക്കാന്‍ കേരള രാഷട്രീയത്തില്‍ പിണറായി ശിശുവല്ല.
'ആദ്യഘട്ടത്തില്‍ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. മൊഴികളിലെ ഭാഗങ്ങള്‍ ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുന്നു. അന്വേഷണം സ്വകാര്യമായി നടത്തണം.' ഇ.ഡിക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വ്യക്തമായിരുന്നു. മൊഴി ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞില്ല. അത് ചോര്‍ന്നു, അല്ലേ ചോര്‍ത്തുന്നു. മാധ്യമങ്ങളില്‍ വരുന്നു. മാധ്യമങ്ങളില്‍ വരുന്നത് നുണയാണെന്ന് അപ്പോഴും ആക്ഷേപമില്ല. നുണകള്‍ വീഴും നമ്മള് വാഴും എന്ന ആഹ്വാനത്തില്‍ നവംബര്‍ ഒന്നിന് സി.പി.എം. വ്യാപകമായി കാമ്പയിന് നടത്തിയതാണ്. അപ്പോള്‍ ബിനീഷും ശിവശങ്കറും അറസ്റ്റിലായി എന്ന യാഥാര്‍ഥ്യം മുമ്പിലുണ്ടായിരുന്നു.
'തെളിവ് ശേഖരണ പ്രക്രിയയില്‍ മുന്‍വിധി പാടില്ല. ഇന്ന ആളെയോ ഒരു പ്രത്യേക വിഭാഗത്തേയോ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്ന ഉദ്ദേശ്യത്തില്‍ ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണം എന്ന് വിശേഷിപ്പിക്കാനാകില്ല. സര്‍ക്കാരിനെ മുഴുവന്‍ കുറ്റവാളിയായി കാണുന്ന മനോഭാവം ശരിയല്ല.' വാക്കുകള്‍ ശ്രദ്ധിക്കുക. കേന്ദ്ര ഏജന്‍സികളുമായി സമവായത്തിന്റെ ഫോര്‍മുല ഉപേക്ഷിച്ചു കഴിഞ്ഞു. പണ്ടേ കാനം പറഞ്ഞതാണ്. അപ്പോഴും വിശ്വസിച്ചു ഏജന്‍സികളെ. ഇനി വഴങ്ങിനിന്നാല് കേറി മേയും എന്ന് തിരിച്ചറിയുന്നു. തുറന്നത് യുദ്ധമുഖമാണ്.
പിന്നില്‍ ബി.ജെ.പിയാണെന്ന് പറഞ്ഞില്ലെങ്കിലും ഇ.ഡിയും കസ്റ്റംസും ബി.ജെ.പിയുടെ പ്രതിപുരുഷന്മാരായി മുദ്രകുത്തപ്പെട്ടുകഴിഞ്ഞു. ഇതുവരെ കിട്ടിയ സഹകരണം ഇനി പ്രതീക്ഷിക്കേണ്ട. ശീതസമരമാണ് കാണാന്‍പോകുന്നത്. കോടതിമുറികളിലാകും ഓരോന്നും ഇനി നിര്‍ണയിക്കപ്പെടുക. ഈ അങ്കം ചെറുതല്ല. വീഴ്ത്താനും തടയാനുമുള്ളതാണ്.
Content Highlights: Pinarayi Vijayan criticises Central agencies investigating Gold Smuggling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..