
പിണറായി വിജയൻ | ഫോട്ടോ: ANI
തിരുവനന്തപുരം: കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ല.
നിയന്ത്രണം മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ അതിര്‍ത്തിയില്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സംസ്ഥാന പോലീസ് മേധാവി കര്‍ണാടക ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സാവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും അവശ്യ സേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാസര്‍കോട് നിന്നും സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്കി കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭയില്‍ സബ്മിഷനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ഡോസ് കോവിഡ് വാക്സിനേഷന് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അതിനുള്ള അനുമതി നല്‍കുന്നതാണ്. യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നവരുടെ സംശയ ദൂരീകരണത്തിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പോലീസിനെയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 2 മുതലാണ് അതിര്‍ത്തികളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്.
content highlights: pinarayi vijayan against new covid restrictions imposed by karnataka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..