മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
കാസര്‍കോട്: ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ എന്ത് കാര്യമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളിത് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
നമ്മുടെ രാജ്യത്ത് സംഘപരിവാര്‍ എന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ല. തങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ കൊന്നു തള്ളാന്‍ പോലും മടിക്കാത്തവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച ഒട്ടനവധി മുസ്ലിം സംഘടനകള്‍ വിമര്‍ശിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി എന്നൊരു രൂപം കൂടെ ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ഈ വെല്‍ഫയര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെയും ലീഗിന്റെയുമൊപ്പം അണിനിരന്നവരാണ്. അവര്‍ തമ്മില്‍ സ്വഭാവികമായ ഒരു കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ത്രയത്തിന് എന്തെങ്കിലും പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം സംഘപരിവാറിനോട് മൃദുനിലപാട് സ്വീകരിക്കുന്നവരാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടനവധി പേര്‍ അതിനകത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം വ്യവസായ സൗഹൃദമല്ലായെന്ന ദുഷ്പ്രചരണത്തിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്ത് സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നു വന്നു. എന്നാല്‍ കണക്ക് പുറത്ത് വിട്ടപ്പോള്‍ അത് കള്ളക്കണക്കാണെന്ന് ചിലര്‍ പറഞ്ഞു. എന്തിനുവേണ്ടിയാണ് നമ്മുടെ നാടിനെതിരെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Content Highlights: pinarayi vijayan against jamaet islami
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..