കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നു- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 


മുഖ്യമന്ത്രി പിണറായി വിജയൻ | Photo:PTI

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട പ്രൊഫഷണൽ മാനദണ്ഡങ്ങൾ അട്ടമറിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോൾ ചിലത് പറയാതെ പറ്റില്ലെന്നു പറഞ്ഞുകൊണ്ടാണ് തന്റെ പതിവ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഏതെങ്കിലും ഏജൻസിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത് എന്ന മുഖവുരയോടെ തുടങ്ങിയ മുഖ്യമന്ത്രി സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നുവന്നപ്പോൾ തന്നെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന ആവർത്തിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നു കുറ്റകൃത്യങ്ങളെ പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സർക്കാരിനോട് ആദ്യഘട്ടത്തിൽ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. ഇവർക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമവഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് സ്വാഭാവികമായി സംസ്ഥാന സർക്കാരിനും ആ ഘട്ടത്തിൽ ഉണ്ടായിരുന്നത്.

തുടക്കത്തിൽ അന്വേഷണം അതിന്റേതായ രീതിയിൽ നല്ല രീതിയിൽ നടന്നു. എന്നാൽ ഏജൻസികളുടെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകൾ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നുവെന്ന സംശയമുണർത്തുന്ന തരത്തിലായി. അന്വേഷണം പുരോഗമിക്കുമ്പോൾ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജൻസി സ്വകാര്യമായി നടത്തേണ്ട കാര്യമാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നത്.

ഏജൻസിക്ക് പുറത്തുളള ആളുകൾ അടുത്ത ഘട്ടത്തിൽ, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാൻ പോകുന്നത്, എങ്ങനെയാണ് ഏജൻസി പോകുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവർ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജൻസികൾ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലേയും മറ്റും ഭാഗങ്ങൾ ഓരോരുത്തരുടെ താല്പര്യങ്ങൾക്കനുസരിച്ച് സെലക്ടീവായി ചോർന്ന് മാധ്യമങ്ങളിൽ വരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കേണ്ടതും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നില്‍ക്കേണ്ടതും ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തേണ്ടതും പ്രൊഫഷണലായി അന്വേഷണം നടത്തേണ്ടതുമായ ഏജന്‍സികള്‍ ആ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്. അന്വേഷണങ്ങള്‍ സത്യാവസ്ഥ കണ്ടെത്തുന്നതിന് വേണ്ടിയുളള തെളിവ് ശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കും. പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുളള ഒന്നായിരിക്കണം. ഇന്നയാളെയോ ഒരു പ്രത്യേക വിഭാഗത്തേയോ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും അത് ദുരുപദിഷ്ടമായ ലക്ഷ്യങ്ങളോടെയുളള മറ്റെന്തോ ആയി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ലൈഫ് മിഷന്‍, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെല്ലാം ചുറ്റിപറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്, റെഡ്ക്രസന്റ് സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ്, സി.ബി.ഐ. മറ്റുചില വിഷയങ്ങളില്‍ എന്‍.ഐ.എ. എന്നിവയെല്ലാം സംസ്ഥാനത്ത് അന്വേഷണം നടത്തിവരികയാണ്. തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇതിന് ഓരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുളളതാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച ഭരണത്തിനുളള അംഗീകാരം തുടര്‍ച്ചയായി കിട്ടുന്നു അതിന് കാരണം ഉദ്യോഗസ്ഥരാണ്. അവരെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത തരത്തില്‍, അവരെ ഭയാശങ്കരാക്കുന്ന തരത്തില്‍ ചില അന്വേഷണ ഏജന്‍സികള്‍ പെരുമാറിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നില്ല. ചിലര്‍ ചില അജണ്ടകള്‍ നടപ്പിലാക്കാന്‍ നോക്കുന്നു. ചില അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ അതിനാണ് ശ്രമിക്കുന്നത്. അവര്‍ അവരുടെ അധികാരപരിധി വിടുകയാണ്. അതല്ലാതെ അവര്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് എപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും പിന്തുണയും ഉണ്ടാകും. പരിധിവിട്ടാല്‍ എല്ലാം സഹിക്കാനാണ് ഒരു സര്‍ക്കാര്‍ ഇവിടെ നില്‍ക്കുന്നതെന്ന ധാരണ വേണ്ട.

സംസ്ഥാന സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഭരണഘടനയെ അനുസരിക്കണം. സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളില്‍ ഇടപെടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുളള കൈകടത്തലാണ്. ആ പദ്ധതിയെ തകര്‍ക്കാനുളള നീക്കമാണ്. അത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ചില അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണ് അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Central Investigation Agency norms are being subverted; CM Pinarayi Vijayan criticises agencies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented