പിണറായി വിജയൻ | Photo: മാതൃഭൂമി
തൃശ്ശൂർ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പൂർണ്ണമായും തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നാന്ദി കുറിച്ചുകൊണ്ടുള്ള ഫലമാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ്. സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഒല്ലൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ ദിവസം രാജ്യത്ത് നിന്ന് കേട്ടത് ശുഭസൂചക വാർത്തയാണ്. രാജ്യത്തിന്റെ അവസ്ഥയിൽ മതനിരപേക്ഷ ചിന്താഗതിക്കാർ ആകെ ഉത്കണ്ഠാകുലരാണ്. മതനിരപേക്ഷതയുടെ ഭാവി, ജനാധിപത്യത്തിന്റെ ഭാവി, പാർലമെന്ററി ജനാധിപത്യം ഇതേരീതിയിൽ തുടരുമോ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകൾ ജനങ്ങളിലുണ്ട്. ഇതിനിടയാക്കിയത് കേന്ദ്ര സർക്കാരാണ്. ആർ.എസ്.എസ്. നേതൃത്വം അംഗീകരിച്ചിട്ടുള്ള ബി.ജെ.പിയാണ് സർക്കാരിന് നേതൃത്വം നൽകുന്നത്. ആർ.എസ്.എസിന് ജനാധിപത്യരീതിയോടും മതനിരപേക്ഷതയോടും പാർലമെന്ററി ജനാധിപത്യത്തോടും ഒന്നിനോടും യോജിപ്പില്ല'- മുഖ്യമന്ത്രി പറഞ്ഞു.
കർണാടകയിലെ ജനവിധി ബി.ജെ.പിയുടെ ഹുങ്കിനുള്ള മറുപടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പിയ്ക്ക് എന്താണ് സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബി.ജെ.പിയ്ക്ക് ഒരു ഭരണത്തുടർച്ച ഉണ്ടായാൽ രാജ്യത്തിന്റെ സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നു. അത്തരം ഒരു സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: pinarayi vijayan about karnataka election result 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..