വേങ്ങര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടിയില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത്. 

ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതില്‍ അടച്ചാക്ഷേപിക്കുകയാണെന്നും, യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നതെന്നും പിണറായി തുറന്നടിച്ചു. 

കേരളത്തെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അതിനായി വിചിത്രമായ തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നതെന്നും പിണറായി വേങ്ങരയില്‍ പറഞ്ഞു. 

ആര്‍എസ്എസ് അജന്‍ഡ കേരളത്തില്‍ നടപ്പാക്കാനാവില്ല. ബിജെപിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണ്.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നതാണ് കാണുന്നതെന്നും ആര്‍എസ്എസിനേയും ബിജെപിയേയും തടയാന്‍ സിപിഎമ്മിന് മാത്രമേ സാധിക്കുവെന്നും പിണറായി പറഞ്ഞു.