തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹരിത കേരളം, സമ്പൂര്‍ണ ഭവന പദ്ധതി,വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി, ആരോഗ്യ പദ്ധതി എന്നീ പദ്ധതിള്‍ക്കാണ് അനുമതി നല്‍കിയത്.

വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടു നല്‍കുക എന്നതാണ് സമ്പൂര്‍ണ ഭവന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി പാര്‍പ്പിട സമുച്ചയ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നത്.

ഇവിടെ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ ലഭിക്കാനാവശ്യമായ പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ പാര്‍പ്പിട സമുച്ചയങ്ങളില്‍ അങ്കണ്‍വാടി മുതലുള്ള പഠന സൗകര്യം ഉറപ്പു വരുത്തും. ഇവിടെ താമസിക്കുന്ന കുട്ടികളില്‍ പഠനത്തില്‍ പിന്നാലായി പോകുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനും പ്രത്യേക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ വീട് ലഭിക്കുന്നവര്‍ക്ക് തങ്ങളുടെ വീട് വില്‍ക്കാനോ വാടകയ്ക്ക് കൊടുക്കാനോ പറ്റില്ല. എന്നാല്‍ പിന്തുടര്‍ച്ചാ ആവകാശികള്‍ക്ക് നല്‍കാം. ചെറിയ തുക മാസം തോറും അടച്ച്
20 വര്‍ഷം കൊണ്ട് വീട് സ്വന്തമാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ പദ്ധതി പ്രകാരം സര്‍ക്കാര്‍ ആസ്പത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഒപി വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വൈദ്യ സഹായം ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ആസ്പത്രികളെ ജന സൗഹൃദമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബങ്ങളുമായി ബന്ധിപ്പിക്കാനുള്ള നടപടി ഉണ്ടാകും. കുടുംബങ്ങളുമായി നേരിട്ട് ഡോക്ടര്‍ ബന്ധപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി പ്രകാരം 1000 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകളാക്കി ഉയര്‍ത്തും.

അതോടൊപ്പം ഹൈസ്‌കൂളിലും ഹയര്‍സെക്കന്‍ഡറിയിലുമുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാക്കും. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ പൊതു വിദ്യാലയങ്ങളുടെ പ്രസക്തി വീണ്ടെടുക്കും.100 വര്‍ഷം പിന്നിട്ട സ്‌കൂളുകള്‍ക്ക് പ്രത്യേക പാക്കേജ് അടിസ്ഥാനത്തില്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നൂറുദിന പരിപാടികള്‍ക്ക് അനുമതി നല്‍കിയതു കൂടാതെ കുറ്റ്യാടി കടന്ത്രപ്പുഴയില്‍ മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപ സഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതില്‍ നാലു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന്റയും ബാക്കി നാല് ലക്ഷം രൂപ ദുരന്ത നിവാരണ സേനയുടെയും പേരിലാണ് കൊടുക്കുക.

ദേവസ്വം റിക്രൂട്ട്‌മെന്റ് ഭാദഗതി ബില്ലിന് മന്ത്രിസഭാ അനുമതി ലഭിച്ചതാണ് മറ്റൊരു പ്രധാന നടപടി. ദേവസ്വം റിക്രൂട്ട്‌മെന്റുകള്‍ പി.എസിക്ക് വിടണമെന്ന് സര്‍ക്കാര്‍ നേരിട്ട് തീരുമാനിച്ചിരുന്നു. ഇതിനായി ദേവസ്വം റിക്രൂട്ട്‌മെന്റ് നിയമം ഭാദഗതി ചെയ്യേണ്ടതുണ്ട്. നിയമ ഭാദഗതി 26 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.