മഞ്ചേശ്വരം: 'ദി റിയല്‍ ഹീറോ ഓഫ് കേരള ആന്റ് മഞ്ചേശ്വരം' എന്ന തലക്കെട്ടോടെ മഞ്ചേശ്വരത്ത് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത് വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയന്‍, യു.ഡി.എഫ് നിയുക്ത എം.എല്‍.എ എ കെ.എം അഷ്‌റഫ് എന്നിവരുടെ ചിത്രം സഹിതമാണ് ഫ്‌ളക്‌സ് ബോര്‍ഡ്  പ്രത്യക്ഷപ്പെട്ടത്. ചുവപ്പും പച്ചയും നിറത്തില്‍ തയ്യാറാക്കിയ ബോര്‍ഡിന് താഴ്ഭാഗത്തായി പ്രദേശത്തെ അഞ്ച് യുവാക്കളുടെ ഫോട്ടോയും ഉണ്ടായിരുന്നു.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മഞ്ചേശ്വരം ദേശീയ പാതക്ക് സമീപത്തെ രാഗം ജങ്ഷനിലെ കെട്ടിടത്തിന് മുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. മണിക്കൂറുകള്‍ക്കകം ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തൊട്ടുപിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന്‍  ഇതിനെതിരെ രംഗത്തു വന്നു.

pinarayi

മണ്ഡലത്തില്‍ എല്‍.ഡി.എഫും യു ഡി.എഫും തമ്മില്‍ നടത്തിയ വോട്ടുകച്ചവടത്തിന്റെ ഉദാഹരണമാണിതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇതോടെ സംഭവം വിവാദമായി. സുരേന്ദ്രന്റെ വാദത്തെ തള്ളി എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തു വന്നു. തങ്ങളുടെ അറിവോടെയല്ല ബോര്‍ഡ് വെച്ചതെന്നും പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഇരു മുന്നണികളുടേയും നേതാക്കള്‍ വ്യക്തമാക്കി.

വൈകുന്നേരത്തോടെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. രാത്രിയോടെ ബോര്‍ഡ് അപ്രത്യക്ഷമാവുകയും ചെയ്തു. ഏതായാലും സംഭവം സംസ്ഥാന തലത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

Content Highlights: Pinarayi and UDF candidate in same poster