500 വലിയ സംഖ്യയല്ല; മുഖ്യമന്ത്രിയുടെ ന്യായീകരണം ഫലിക്കുന്നില്ല, അണികളിലും പ്രതിഷേധം


By സ്വന്തം ലേഖകൻ

5 min read
Read later
Print
Share

-

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അര മണിക്കൂറോളമെടുത്താണ് ന്യായീകരിച്ചത്.

അമ്പതിനായിരം പേര്‍ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഒഴിച്ചുകൂടാനാവാത്ത 500 പേര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ അതൊരു വലിയ സംഖ്യയല്ലെന്നും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. എന്നാല്‍ പാര്‍ട്ടി അണികളില്‍ ഒരു വിഭാഗത്തിനും ഇടത്‌ സഹയാത്രികര്‍ക്ക് പോലും ഈ ന്യായവാദങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാരിനേയും പാര്‍ട്ടിയേയും പിന്തുണച്ചിരുന്നവര്‍പോലും ശക്തമായ പ്രതിഷേധവുമായി സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്ത് 500 ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ പറയുന്നതനുസരിച്ച് വീട്ടകങ്ങളില്‍ പോലും സാമൂഹിക അകലം പാലിക്കുന്ന ജനത്തെ നോക്കി കൊഞ്ഞനം കൊത്തുന്ന നിലപാടാകും ഇത്. ഇവര്‍ പറയുന്നു.

ജനങ്ങള്‍ സര്‍വ്വതും സഹിച്ചും പൊറുത്തും വീട്ടിലിരിക്കുന്ന സമയത്ത് എന്തൊക്കെ മുന്‍കരുതലെടുത്താലും എത്രയൊക്കെ ആളെ കുറച്ചു എന്ന് പറഞ്ഞാലും ഇങ്ങനെ ഒരു ചടങ്ങ് നടത്തുന്നത് ഈ നാട്ടില്‍ രണ്ട് തരം പൗരന്മാരുണ്ടെന്ന് പറയല്‍ തന്നെയാണ്. ദുരിതത്തില്‍ കൂടെ നിന്ന സര്‍ക്കാരിനെ തിരിച്ച് ചങ്ക് പറിച്ച് നല്‍കി ജയിപ്പിച്ച ജനതയാണിത്. അവര്‍ക്ക് മുന്നില്‍ ഈ രണ്ട് നീതി കാണിക്കരുതെന്നും പാര്‍ട്ടി അനുഭാവികള്‍ പറയുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സാമൂഹിക അകലം കൃത്യമായി പാലിച്ച് ചടങ്ങ് നടത്താനാകുമായിരിക്കും. എന്നാല്‍ ജോലിക്ക് പോലും പോകാന്‍ സാധിക്കാതെ വീടുകളില്‍ ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്ന് ചിന്തിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

വിവാഹങ്ങളില്‍ പോലും 20 പേര്‍ കൂടാന്‍ പാടില്ല. 21-ാമത്തെ ആള്‍ പങ്കെടുത്താല്‍ കേസെടുക്കുന്ന നാട്ടിലാണ് അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത്. സാമൂഹിക അകലം പാലിച്ച് തങ്ങള്‍ക്കും അഞ്ഞൂറ് പേരെ വിളിച്ച് വിവാഹം നടത്താനുള്ള സ്ഥലവം കഴിവുമുണ്ട്. സമൂഹത്തോടും നിയമവ്യവസ്ഥയോടും ആദരവ് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യാത്തത്. എന്നാല്‍ ചട്ടങ്ങള്‍ കല്‍പ്പിക്കുന്ന അധികാരികള്‍ക്ക് ഇതൊന്നും ബാധകമല്ലെങ്കില്‍ അതിന് നിന്ന് കൊടുക്കാനാവില്ലെന്നുമാണ് വിമര്‍ശനം.

ഇതിനിടെ കഴിഞ്ഞ ദിവസം എ.കെ.ജി. സെന്ററില്‍ എല്‍.ഡി.എഫ്. നേതാക്കള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതും വിവാദമായിട്ടുണ്ട്. യാതൊരു സാമൂഹിക അകലം പാലിക്കാതെയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ കേക്ക് മുറിക്കല്‍ ചടങ്ങ് നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ആഘോഷപരിപാടികളും വിലക്കുകയും നിയന്ത്രമേര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി തന്നെ ഇത്തരമൊരു ആഘോഷത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സാമൂഹിക അകലം പാലിക്കാതെ ആഘോഷ പരിപാടിയില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രി അടക്കമുള്ള 16 പേര്‍ക്കെതിരെ യു.ഡി.എഫ്. ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ആശുപത്രികളില്‍ പോകണമെങ്കില്‍ സത്യവാങ്മൂലവും പോലീസ് പാസും വേണമെന്നിരിക്കെയാണ് വിവിധയിടങ്ങളിലുള്ള നേതാക്കള്‍ എ.കെ.ജി. സെന്ററില്‍ ഒത്തുകൂടിയതെന്നും യു.ഡി.എഫ്. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രണ്ട് അഭിഭാഷകര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്. കോടതി സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുന്നതില്‍ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. 750 പേരെ പങ്കെടുപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ സി.പി.ഐ. അടക്കമുള്ള പാര്‍ട്ടികള്‍ മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചു. തുടര്‍ന്നാണ് 500 പേരെ പങ്കെടുപ്പിക്കാമെന്ന് മുന്നണിയില്‍ ധാരണയായത്.

ഇതിനെതിരെ ഉയരാവുന്ന പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് അതിനെ പ്രതിരോധിക്കുന്നതിനുള്ള വാദങ്ങളാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ നിരത്തിയത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റു മൂന്ന് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും രാജ്ഭവനില്‍ ലളിതമായ ചടങ്ങുകളോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് എന്നതു ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ന്യായവാദങ്ങള്‍

'ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍, ജനങ്ങളുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍ തന്നെയാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യത്തില്‍ കീഴ് വഴക്കവും. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, കോവിഡ് മഹാമാരിയുടെയും പ്രകൃതിക്ഷോഭ ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷത്തിമിര്‍പ്പോടെ നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ വിധത്തില്‍, ചുരുങ്ങിയ തോതില്‍ ചടങ്ങ് നടത്തുന്നത്.

അമ്പതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ് സെന്‍ട്രല്‍ സ്റ്റേഡിയം. എന്നാല്‍, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ചുരുക്കുന്നത്.

അഞ്ഞൂറുപേര്‍ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല. 140 നിയമസഭാ സാമാജികരുണ്ട്. 29 എം.പിമാരുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരൊക്കെയെന്ന് നിശ്ചയിക്കുന്നത്. ആ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളെ, അതായത് എം.എല്‍.എമാരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല.

ജനാധിപത്യ വ്യവസ്ഥയുടെ അടിത്തൂണുകളാണ് ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ട്, ജുഡീഷ്യറി എന്നിവ. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഇവ മൂന്നിനെയും ഒഴിവാക്കാനാവില്ല. ഇവയാകെ ഉള്‍പ്പെട്ടാലെ ജനാധിപത്യം പുലരൂ. ഈ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ന്യായാധിപന്‍മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണാണല്ലോ മാധ്യമരംഗം.

അവരെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കും. തങ്ങള്‍ തെരഞ്ഞെടുത്തയച്ചവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സഫലമാകുന്നത് മാധ്യമപ്രവര്‍ത്തകര്‍ വഴിയാണല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ 500 എന്നത് മൂന്ന് കോടിയോളം ജനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങില്‍ അധികമല്ല എന്നാണ് കാണുന്നത്.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെന്ന നിലയിലാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. ഇതുള്‍ക്കൊള്ളാതെ ഇതിനെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാന്‍ ആരും തയ്യാറാകരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

21 മന്ത്രിമാരുണ്ട്. ഗവര്‍ണറുണ്ട്. ചീഫ് സെക്രട്ടറിയുണ്ട്. രാജ്ഭവനിലെയും സെക്രട്ടറിയേറ്റിലെയും ഒഴിച്ചുനിര്‍ത്താനാവാത്തതും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കുള്ളതുമായ ഉദ്യോഗസ്ഥരുണ്ട്. ഇവരാകെ അടച്ചുകെട്ടിയ ഒരു ഹാളില്‍ ദീര്‍ഘസമയം ചെലവഴിച്ചു സത്യപ്രതിജ്ഞ നടത്തുന്നത് ഒഴിവാക്കാനാണ് ആലോചിച്ചത്. ഇതു കൂടി കണക്കിലെടുത്താണ് സ്റ്റേഡിയത്തിലാക്കുന്നത്.
സ്റ്റേഡിയത്തില്‍ എന്നു പറഞ്ഞാല്‍ തുറസ്സായ സ്ഥലം, സാമൂഹ്യ അകലം, വായുസഞ്ചാരം, ഒഴിവാക്കാനാവാത്തവരുടെ മാത്രം സാന്നിധ്യം തുടങ്ങിയവയാല്‍ ആകും സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധിക്കപ്പെടുക.

ഭരണഘടനാ പദവി വഹിക്കുന്നവര്‍, പ്രോട്ടോകോള്‍ പ്രകാരം അനിവാര്യമായവര്‍, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികള്‍ തുടങ്ങി നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍ മാത്രമാണ് ഉണ്ടാവുക. സെന്‍ട്രല്‍ സ്റ്റേഡിയമല്ല, സത്യത്തില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരള ജനതയിലെ ഒരോരുത്തരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദി.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടിവരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിച്ച് നിര്‍ത്തേണ്ടിവരുന്നത്. ഈ പരിമിതിയില്ലായിരുന്നുവെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നെന്ന് ഞങ്ങള്‍ക്കറിയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചുകൊണ്ട്, ഈ രണ്ടാമൂഴം ചരിത്രത്തില്‍ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങള്‍. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികള്‍ ആവേശപൂര്‍വ്വം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങള്‍. നിങ്ങള്‍ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവും.

കോവിഡ് മഹാമാരിമൂലം നിയുക്ത ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ ഇടയിലേക്ക് തിരിച്ച് ചെന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്കാവട്ടെ ഇവിടേക്ക് വരുന്നതിന് മഹാമാരിമൂലം തടസ്സമുണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിന്റെ പ്രത്യേകതമൂലം വരാന്‍ ആഗ്രഹിച്ചിട്ടും വരാന്‍ കഴിയാത്ത ജനതയെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ അത് അതിഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ ആരും തടയില്ല. ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍.

സത്യപ്രതിജ്ഞ അല്‍പ്പം ഒന്ന് വൈകിച്ചതുപോലും ജനാഭിലാഷം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് അവസരം ഉണ്ടാകുമോ എന്ന് നോക്കാനാണ്. കഴിയുന്നത്ര ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അവര്‍ക്കാകെ തൃപ്തി വരുന്ന വിധത്തില്‍ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ഭരണഘടനാപരമായ ഉത്തരവാദിത്തം അനിശ്ചിതമായി വൈകിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പരിമിതികള്‍ക്കു വിധേയമായി ചടങ്ങ് നടത്തേണ്ടിവരും.

നാട്ടില്‍ ഉള്ളവര്‍ മുതല്‍ പ്രവാസി സഹോദരങ്ങള്‍ വരെ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് സത്യപ്രതിജ്ഞാ ചടങ്ങെന്നറിയാം. ചടങ്ങ് കാണാനായി മാത്രം കടല്‍ കടന്ന് ഇവിടേക്ക് വരാന്‍ കാത്തിരുന്ന നൂറുകണക്കിന് ആളുകളുണ്ട്. ശാരീരിക വൈഷമ്യങ്ങളും രോഗാവസ്ഥയും പോലും മറന്ന് കേരളത്തിന്റെ തന്നെ വിദൂര ദിക്കുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ നിശ്ചയിച്ചിരുന്നവരുണ്ട്. അവരൊക്കെ അവരുടെ ജയമായി തന്നെയാണ് ഇതിനെ കാണുന്നത്.
അവരുടെയൊക്കെ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് വാക്കുകള്‍ കൊണ്ട് നന്ദി പറഞ്ഞ് തീര്‍ക്കാനാവില്ല. നേരിട്ടുവന്ന് പങ്കെടുത്ത പോലെ കരുതണമെന്നും ദൃശ്യമാധ്യമങ്ങളിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണണമെന്നും അങ്ങനെ കാണുമ്പോഴും നേരിട്ട് കണ്ടതായി തന്നെ കരുതണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.'

Content Highlights: pinarayi 2 government swearing ceremony-500 people allowed-protest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
k surendran and b gopalakrishnan

1 min

കേരളത്തിലെ ഹിന്ദുക്കൾക്ക് രാഷ്ട്രീയബോധം കുറവ്, അതുകൊണ്ടാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്- ഗോപാലകൃഷ്ണൻ

Jun 3, 2023


alphons kannanthanam

1 min

'ലീഗില്‍ മറ്റുമതക്കാരില്ല, തീവ്രവാദത്തിലടക്കം ലീഗിന് മൗനം'; രാഹുലിന് മറുപടിയുമായി കണ്ണന്താനം

Jun 2, 2023


Bike With Chappal

2 min

AI ക്യാമറ ഉപയോഗിച്ച് തിങ്കളാഴ്ച രാവിലെ 8 മുതൽ പിഴയീടാക്കിത്തുടങ്ങും; ബൈക്കിൽ ഒരു കുട്ടിക്ക് അനുമതി

Jun 4, 2023

Most Commented