പത്തനംതിട്ട: ശരണമന്ത്രങ്ങളുമായി അയ്യപ്പസന്നിധിയുണർന്നു. ഇനി വ്രതശുദ്ധിയുടെ തീർഥാടനകാലം. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഭക്തരെ കടത്തി വിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് മാസങ്ങള്‍ക്ക് ശേഷം തീര്‍ഥാടക പ്രവേശനം അനുവദിച്ച് ശബരിമലയില്‍ ആദ്യമണിക്കൂറുകളില്‍ എത്തിച്ചേര്‍ന്നത്.

പുലര്‍ച്ചെ മൂന്ന് മണി മുതലാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 352 പേര്‍ ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സെക്കന്‍ഡുകള്‍ മാത്രം ദര്‍ശനം ലഭിച്ചിരുന്ന സോപാനമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ഭക്തര്‍ക്ക് ലഭിക്കുന്നതിനാല്‍ കൂടുതല്‍ സുഖപ്രദമായ ദര്‍ശനസംവിധാനമാണ് ഇപ്പോള്‍ ശബരിമലയില്‍ ലഭ്യമാകുന്നത്. 

sabarimala
വൃശ്ചിക പുലരിയിൽ ശബരിമലയിലെ ചടങ്ങുകൾക്ക് മുന്നോടിയായി ശംഖുമുഴക്കുന്നു | ഫോട്ടോ: സി. സുനിൽ കുമാർ

നെയ്യഭിഷേകത്തിനായി കൊണ്ടു വരുന്ന നെയ്‌ത്തേങ്ങ പ്രത്യേക കൗണ്ടറില്‍ സ്വീകരിക്കും. ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രസാദമായി നെയ്യ് സ്വീകരിച്ച് മടങ്ങാവുന്നതാണ്. അപ്പം, അരവണ കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്തര്‍ കടന്നുവരുന്നതെന്നുറപ്പാക്കാന്‍ പോലീസിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 

sabarimala
ശബരിമല ക്ഷേത്രത്തിൽ വൃശ്ചിക പുലരിയിൽ തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നടന്ന ഗണപതി ഹോമം | ഫോട്ടോ: സി.സുനിൽ കുമാർ

പോലീസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം തന്ത്രി കണ്ഠരര് രാജീവര് നിര്‍വഹിക്കും. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു നിര്‍വഹിക്കും. മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും. രാവിലെ ഒമ്പത് മണിയോടെ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. 

sabarimala
വൃശ്ചിക പുലരിയിൽ ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്കു താഴെ കാത്തു നിൽക്കന്ന ഭക്തർ| ഫോട്ടോ: സി. സുനിൽ കുമാർ

വെര്‍ച്വല്‍ ക്യൂ വഴി കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശനസൗകര്യം അനുവദിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും വിശേഷദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ്  ശബരിമല ധർമശാസ്താക്ഷേത്രനട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകർന്നു.തുടർന്ന് തന്ത്രി വിഭൂതിപ്രസാദം വിതരണം ചെയ്തു. നിയന്ത്രണംമൂലം ഇത്തവണ നട തുറന്ന ദിവസം ഭക്തർക്ക് ദർശനത്തിന് അനുമതിയില്ലായിരുന്നു.പ്രത്യേക പൂജകൾ ഒന്നുംതന്നെ ഉണ്ടായില്ല. തുടർന്ന് നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിന്റെയും അഭിഷേക-അവരോധിക്കൽ ചടങ്ങുകൾ നടന്നു. 

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി പതിനെട്ടാംപടിക്ക് മുകളിൽവെച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനുമുന്നിലേക്ക് ആനയിച്ചു. പിന്നീട് തന്ത്രി കണ്ഠര് രാജീവര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽവെച്ച് അഭിഷേകം നടത്തി അവരോധിച്ചു. ശേഷം തന്ത്രി മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി തിരുനട അടച്ചശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പന്റെ മൂലമന്ത്രം ഓതി. മാളികപ്പുറം ക്ഷേത്രശ്രീകോവിലിനുമുന്നിൽവെച്ച് മേൽശാന്തി എം.എൻ.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിച്ചു. 

ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി സുധീർ നമ്പൂതിരി രാത്രിതന്നെ പതിനെട്ടാംപടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങി. നടതുറന്നപ്പോൾ ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു, അംഗങ്ങളായ അഡ്വ. എൻ.വിജയകുമാർ, കെ.എസ്.രവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

 

Content Highlights: Pilgrims arrived  Sabarimala for Darshanam during Mandala season