ഇ.എം.എസ് സജി ചെറിയാനെ 'വിളിച്ചപ്പോള്‍'...ഭരണഘടനാപരമായ ചില സംസാരങ്ങള്‍| column


എം.ജി രാധാകൃഷ്ണന്‍സജി ചെറിയാൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്| Photo: Mathrubhumi

തെങ്ങുംതറയിലെ കിടപ്പുമുറിക്കുള്ളില്‍ പകല്‍വെട്ടം കയറിയിട്ടും സജി ചെറിയാന്‍ ഉറക്കമുണര്‍ന്നിരുന്നില്ല. തലേന്നത്തെ ക്ഷീണം. പാതിരാത്രി കഴിഞ്ഞും സഖാക്കളുടെയും നാട്ടുകാരുടെയും തിരക്ക് ഒഴിഞ്ഞിരുന്നില്ല. രണ്ടു ദിവസമായി നിര്‍ത്താതെ ചിലച്ച ഫോണ്‍ രാവിലെ മുതല്‍ വീണ്ടും ഒച്ച ഇട്ടുതുടങ്ങിയിരുന്നു. ചാര്‍ജ് ചെയ്യാനായി ഊണ്‍മുറിയിലായിരുന്നു ഫോണ്‍. സജി കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ എന്നു കരുതി ക്രിസ്റ്റീന അടുക്കളയിലെ തിരക്കില്‍ തന്നെ മുഴുകി. പക്ഷെ ഇടയ്ക്കൊന്ന് പാളിനോക്കിയപ്പോള്‍ പതിവില്ലാതെ ഫോണില്‍ കണ്ടത്- 'അണ്‍നോണ്‍ നമ്പര്‍'. ക്രിസ്റ്റീന ഒന്ന് അമ്പരന്നു. സംഗതി ചില്ലറയല്ലെന്ന് തോന്നി അവര്‍ കിടപ്പുമുറിയിലേക്ക് ഓടി സജിയെ കുലുക്കി ഉണര്‍ത്തി, ഫോണ്‍ കയ്യില്‍ കൊടുത്തു. 'ആരാ'? പാതി ഉറക്കത്തില്‍ സജി മുരണ്ടു. തലേന്നത്തെ അവസാനിക്കാത്ത സംസാരം മൂലം സജിയുടെ തൊണ്ട അടച്ചിരുന്നു.

'സഖാവേ, ഞാന്‍ ഇ.എം ആണ്‌' മറുവശത്ത് അല്‍പ്പം വിക്കുള്ള സ്വരം. മുന്‍പ് എവിടെയോ കേട്ടിട്ടുള്ളതെന്ന് സജിയ്ക്ക് തോന്നിയെങ്കിലും തനിക്കറിയാവുന്നവരുടെയൊന്നുമല്ല. ക്ഷീണം കാരണം സജിക്ക് ഒന്നും മിണ്ടാനും തോന്നിയില്ല. ' മനസ്സിലായില്ലേ, സജി? ഞാന്‍ ഇ.എം.എസ്.

'സജിയുടെ ഉറക്കമൊക്കെ പമ്പ കടന്നു. പക്ഷേ ഏതോ മിമിക്രിക്കാരന്‍ രാവിലെ കളിപ്പിക്കുകയാണെന്ന് ആയിരുന്നു അപ്പോഴും സജിയുടെ തോന്നല്‍. 'സജി, നിങ്ങള്‍ ഉണര്‍ന്നതേ ഉള്ളോ? ഞാന്‍ പിന്നെ വിളിക്കണോ, സഖാവേ?'പക്ഷെ അപ്പോഴേക്കും സജിക്ക് ഏതാനും സെക്കന്റ് നേരത്തേക്ക് ശബ്ദം നഷ്ടമായിരുന്നു. പിന്നെ കഷ്ടപ്പെട്ട് വീണ്ടെടുത്ത് വിശ്വാസമില്ലാതെ ചോദിച്ചു; ' ഇത് ഒള്ളതാന്നോ സഖാവേ, എനിക്ക് വിശ്വസിക്കാന്‍ മേല, ഇത് എങ്ങനാ പറ്റുന്നെ!'. അപ്പുറത്ത് നിന്ന് വന്ന സ്വരത്തിനു ഒരു അസാധാരണ ശാന്തിയുണ്ടായിരുന്നു. 'അതെല്ലാം മറന്നുകളയു, സഖാവേ.. ഒരു പ്രധാന കാര്യം പറയാനാണ് ഞാന്‍ വിളിക്കുന്നത്'. എല്ലാം സ്വപ്നം പോലെ തോന്നിയ സജിയ്ക്ക് പിന്നെയും വിശ്വാസം വന്നില്ലെങ്കിലും ആചാര്യനെ ഇനി അനുസരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

ഇ.എം.എസ്: സഖാവേ, എന്തിനാണ് ആ അബദ്ധങ്ങളൊക്കെ എഴുന്നള്ളിച്ചത്?

സജി: സഖാവേ, എന്റെ പ്രസംഗം വളച്ച് ഒടിച്ചതാണ്. ഭരണഘടനയെയല്ല, ഭരണകൂടത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്.

ഇ.എം.എസ്: അല്ല, സജി. ഞങ്ങള്‍ക്ക് ഇവിടെ മലയാളം ചാനലുകളൊക്കെ കിട്ടും. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് അത് കണ്ടത്. എ.കെ.ജി., അച്യുത മേനോന്‍, നായനാര്‍ ഒക്കെ ഉണ്ടായിരുന്നു. ഭരണഘടനയെ കുറിച്ചായതിനാലാകാം അല്‍പ്പം അകലെ ഇരുന്ന് ബാബാസാഹേബും പണ്ഡിറ്റ്ജിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്താണ് വിഷയമെന്ന അവര്‍ക്ക് വിശദീകരിച്ച് കൊടുക്കേണ്ട ദുര്യോഗവും എനിക്കുണ്ടായി, കേട്ടോ. മിക്കപ്പോഴും ഈ ചാനലുകള്‍ അസഹ്യമാണ്. പക്ഷെ നിങ്ങളുടെ വരികള്‍ കൃത്യമായി തന്നെ കൊടുത്തിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ സീതാറാമിനെ വിളിച്ച് നിങ്ങളുടെ രാജി ഉടന്‍ വാങ്ങാനും പറഞ്ഞു. ഈയ്യിടെ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തൊഴിലാളിവര്‍ഗ്ഗവും നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കും മാത്രമല്ല ഭരണഘടനയും നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ഇടതുപക്ഷം ഒന്നിച്ചുനില്‍ക്കണമെന്ന സീതാറാമിന്റെ പ്രസംഗം ഞാന്‍ അയാളെ തന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

സജി: എന്റെ ഓണാട്ടുകരഭാഷ തെറ്റിദ്ധരിക്കപ്പെട്ടതാകാം, സഖാവെ. മറ്റേ കുന്തവും കൊടച്ചക്രവുമൊക്കെ..

ഇ.എം.എസ്.: ഏയ് അല്ല, സജി. എനിക്ക് ആ ഭാഷ നന്നായി പരിചയമുണ്ട്. ശങ്കരനാരായണന്‍ തമ്പി, കെ.സി. ജോര്‍ജ്ജ്, പുന്നൂസ്, എം.എന്‍., ടി.വി. തുടങ്ങിയ സഖാക്കളെല്ലാവരും നിങ്ങളുടെ നാട്ടുകാരാണ്. എല്ലാവരും എന്റെ ആദ്യകാലം മുതലുള്ള സഖാക്കള്‍. ഞാന്‍ തന്നെ എന്റെ നാട്ടുശൈലിയിലല്ലേ സംസാരിക്കാറുള്ളത്? ഏറനാടന്‍ ഭാഷ. പക്ഷെ എങ്ങിനെയാണ് ഇത്ര മോശമായി ഭരണഘടനയെപ്പറ്റി ആര്‍ക്കെങ്കിലും സംസാരിക്കാനാവുക?

സജി: പക്ഷെ മാര്‍ക്സിസ്റ്റുകാരായ നമ്മള്‍ ഭരണഘടനയെയും വിമര്‍ശനപരമായി കാണേണ്ടതല്ലേ, സഖാവേ?

ഇ.എം.എസ്.: തീര്‍ച്ചയായും സജി. പക്ഷെ നിങ്ങള്‍ ഉപയോഗിച്ച തരം ഭാഷ ഭരണഘടനയുടെ വിശ്വാസ്യതയ്ക്ക് തന്നെ നേരെയല്ലേ? പ്രത്യേകിച്ച് ബി.ജെ. പിയില്‍നിന്ന് ഭരണഘടന വലിയ ആക്രമണം നേരിടുന്ന സമയം? നമ്മള്‍ ഇന്ന് അനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നാം കടപ്പെട്ടിരിക്കുന്നത് ഭരണഘടനയോടാണെന്ന് അറിയില്ലേ? ഭരണഘടനാ ബ്രിട്ടീഷ് സന്തതിയാണെന്ന ഹിന്ദുതീവ്രവാദി ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയുമൊക്കെ അതേ ഭാഷയല്ലേ സജിയും പ്രയോഗിച്ചത്? ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്കറിയാത്ത ഒരു തമാശയുണ്ട്. അവരുടെ മുന്‍ഗാമി കെ. ഹനുമന്തയ്യയ്ക്കും അതേ ഭാഷയായിരുന്നു. വീണയുടെയും സിതാറിന്റെയും സംഗീതം കേള്‍ക്കാന്‍ ആഗ്രഹിച്ച താന്‍, ഭരണഘടനയില്‍ നിന്നും കേട്ടത് ഇംഗ്ലീഷ് ബാന്‍ഡ് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സജി: പക്ഷെ സഖാവേ, പിന്നെ എങ്ങിനെയാ നമ്മള്‍ വിമര്‍ശിക്കുക?

ഇ.എം.എസ്.: സജി, എന്റെ തന്നെ പ്രസംഗം ഉദ്ധരിക്കാന്‍ എനിക്ക് അത്ര ഇഷ്ടമല്ല. പക്ഷെ 1968-ല്‍ പുണെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റിയുട്ടില്‍ ഞാന്‍ നടത്തിയ ആര്‍.കെ. കാലേ സ്മാരക പ്രഭാഷണത്തില്‍നിന്ന് ഞാന്‍ കുറച്ച് വായിച്ചുതരട്ടെ? അവരത് അന്ന് തന്നെ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, നമ്മുടെ പാര്‍ട്ടിയില്‍നിന്ന് ആരും തന്നെ ഈ വിഷയം സംബന്ധിച്ച നമ്മുടെ നിലപാട് നന്നായി വിശദീകരിച്ചുമില്ല. താത്വികരെന്ന അഭിമാനിക്കുന്ന ചിലരാകട്ടെ സജിയുടെ മണ്ടത്തരങ്ങള്‍ ന്യായീകരിക്കാനുള്ള ദയനീയമായ അധ്വാനവും നടത്തിക്കണ്ടു.

സജി: സഖാവ് ഈ വിഷയത്തില്‍ പ്രഭാഷണം നടത്തിയിരുന്നോ? അന്ന് മുഖ്യമന്ത്രിയായിരുന്നില്ലേ?

ഇ.എം.എസ്. : അതുകൊണ്ടായിരിക്കാം എന്നെ ക്ഷണിച്ചത്. എനിക്ക് പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കിയതിന് ഞാന്‍ നന്ദി പറയുകയും ചെയ്തു. നമ്മള്‍ ഭരണഘടനയെ അധിക്ഷേപിച്ചിട്ടുണ്ടെന്നൊക്കെ അംബേദ്കര്‍ പറഞ്ഞിട്ടുള്ളതാണല്ലോ.

സജി: എനിക്ക് അങ്ങ് അന്ന് പറഞ്ഞതെന്തായിരുന്നുവെന്ന് കേള്‍ക്കാന്‍ കൊതിയുണ്ട്. സ്‌കൂള്‍കാലം മുതല്‍ കേട്ട സഖാവിന്റെ പ്രസംഗങ്ങള്‍ എനിക്ക് മറക്കാന്‍ പറ്റില്ല. ഞാന്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്ന കാലത്താണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതിന്റെ പിന്നാലെ സഖാവ് ചെങ്ങന്നൂരിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചത്.

ഇ.എം.എസ്.: രാമചന്ദ്രന്‍ നായരും നിങ്ങളും ചേര്‍ന്ന് വലതുപക്ഷത്തില്‍നിന്ന് ചെങ്ങന്നൂര്‍ പിടിച്ചെടുക്കുന്നത് കണ്ട ഞാനും സന്തോഷിച്ചു. ആദ്യം സഖാക്കള്‍ ശങ്കരനാരായണന്‍ തമ്പിയും പിന്നെ പി.ജി. പുരുഷോത്തമന്‍ പിള്ളയും ഒക്കെ ജയിച്ച മണ്ഡലമായിരുന്നുവല്ലോ. എന്തായാലും ഞാന്‍ എന്റെ പ്രഭാഷണം വായിക്കാം; ' നമ്മുടെ റിപ്പബ്ലിക്കന്‍ ഭരണഘടനയില്‍ നമുക്ക് അഭിമാനമുണ്ട്. ഭരണഘടന നിലവില്‍ വന്നത് നമ്മുടെ രാജ്യചരിത്രത്തില്‍ അവിസ്മരണീയമാണ്. ദശാബ്ദങ്ങള്‍ നീണ്ട വിദേശ ആധിപത്യത്തിനും നൂറ്റാണ്ടുകള്‍ നിലനിന്ന ജാതിമേധാവിത്തത്തിന്റെയും യാഥാസ്ഥിതിക സാമൂഹ്യ സാംസ്‌കാരിക വ്യവസ്ഥയുടെയും അന്ത്യം കുറിക്കുന്നതായിരുന്നു ആ സംഭവം. അതോടെ രാഷ്ട്രീയ സ്വാതന്ത്ര്യം, പാര്‍ലമെന്ററി ജനാധിപത്യം എന്നീ പ്രചോദനാത്മകമായ മുദ്രാവാക്യങ്ങളും നമ്മുടെ വ്യവസ്ഥയില്‍ ആലേഖനം ചെയ്യപ്പെട്ടു. ഒപ്പം എല്ലാത്തരം സാമൂഹ്യ അസമത്വങ്ങളും അന്ത്യവും സര്‍വ്വതോമുഖമായ പുരോഗതിയും വാഗ്ദാനം ചെയ്യപ്പെട്ടു..

സജി: ആരും ഇതൊന്നും എന്നോട് പറഞ്ഞിരുന്നില്ല.

ഇ.എം.എസ്.: ഇത് മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് സഖാവേ.

സജി: എന്നാലും സഖാവേ, തൊഴിലാളികള്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഭരണഘടനാ തന്നിട്ടില്ലല്ലോ ?

ഇ.എം.എസ്.: എല്ലാം തികഞ്ഞ ഒന്നാണ് ഭരണഘടന എന്നാരു പറഞ്ഞു, സജി ? ഭരണഘടന അന്തിമമോ അപ്രമാദിത്വമുള്ളതോ അല്ലെന്ന് പറഞ്ഞത് അംബേദ്കര്‍ തന്നെയാണ്. ഭരണഘടന അത് രൂപപ്പെടുത്തിയ ഒരു തലമുറയുടെ വീക്ഷണമാണെന്നും അടുത്ത തലമുറയ്ക്ക് അത് ബാധകമാകണമെന്നില്ലെന്നും ജെഫേഴ്‌സണെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയല്ല ഭരണഘടനയെന്നു മാര്‍ക്സിസ്റ്റുകാര്‍ ചൂണ്ടിക്കാണിക്കുകയും വേണം. പക്ഷെ ഭരണഘടയെ അടിമുടി ആക്ഷേപിക്കുമ്പോള്‍ അധ്വാനിക്കുന്നവര്‍ക്ക് അടക്കം വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളും അതോടെ തമസ്‌കരിക്കപ്പെടും. തൊഴിലാളിവര്‍ഗ്ഗത്തിനായി ഭരണഘടനാ നല്‍കുന്ന അവകാശങ്ങങ്ങളെക്കുറിച്ച് എന്റെ പ്രഭാഷണത്തില്‍ പറഞ്ഞത് കേള്‍ക്കണോ, സജി ?

സജി: വേണം, സഖാവേ.

ഇ.എം.എസ്.: ഇക്കാര്യങ്ങളൊന്നും പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നില്ലെന്ന് കഷ്ടമാണ്. ഞാന്‍ ഈ വിഷയത്തിലൊക്കെ എത്ര ക്ലാസ്സുകള്‍ എടുത്തിരിക്കുന്നു! എന്തായാലും കേട്ടോളൂ; ഈ ഭരണഘടനയുടെ നിര്‍മാണം ചരിത്രപരമായ നാഴികക്കല്ലാണെന്ന് ഞങ്ങള്‍ കരുതുന്നു. അത് തൊഴിലാളിവര്‍ഗ്ഗത്തിനും അവരുടെ രാഷ്ട്രീയ പ്രതിനിധികള്‍ക്കും പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്ക് സംഘടിക്കാനുള്ള അവസരവും ആയുധശക്തിയും നല്‍കുന്നു. രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ ആധിപത്യം തടയാനും ചില സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ രൂപീകരിക്കാനും കഴിഞ്ഞത് പാര്‍ലമെന്ററി വ്യവസ്ഥ സംരക്ഷിക്കേണ്ടത് അദ്ധ്വാനിക്കുന്ന വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമാണെന്ന് തെളിയിക്കുന്നു.

സജി: അപ്പോള്‍ സഖാവേ, താങ്കള്‍ക്ക് ഭരണഘടനാ സംബന്ധിച്ച് ഒരു വിമര്‍ശനവുമില്ലേ ?

ഇ.എം.എസ്.: അങ്ങിനെയല്ല സഖാവേ. പക്ഷെ നിങ്ങള്‍ ഉന്നയിച്ച തരമല്ലെന്ന് മാത്രം. വാസ്തവത്തില്‍ എന്റെ ആ പ്രഭാഷണത്തിലേറെയും വിമര്‍ശനവും നമ്മുടെ സമൂഹത്തെ വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാന്‍ ഭരണഘടന തന്നെ നല്‍കുന്ന വാഗ്ദാനം സാക്ഷാത്കരിക്കാനുള്ള 21 നിര്‍ദ്ദേശങ്ങളുമാണ്. ദയവ് ചെയ്തു എന്റെ പ്രഭാഷണം മുഴുവന്‍ വായിക്കൂ. ആകെ 20 പേജേ ഉള്ളൂ. അതോ വായനയും മരിച്ചുകഴിഞ്ഞോ പാര്‍ട്ടിയില്‍? പിന്നെ, സഖാവ് സോമനാഥ് ലാഹിരി എന്നൊരു പേര് സജി കേട്ടിട്ടുണ്ടോ? നമ്മുടെ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവായ അദ്ദേഹവും ചേര്‍ന്നാണ് ഭരണഘടനാ തയാറാക്കിയത്. അദ്ദേഹത്തെപ്പറ്റിയും വായിക്കണം.

സജി: ഉറപ്പ്, സഖാവേ.

ഇ.എം.എസ്.: നിര്‍ത്തുന്നതിനു മുന്‍പ്, ഒരു കാര്യത്തിന് ഞാന്‍ സജിയെ അഭിനന്ദിക്കുന്നു. നിങ്ങളുടെ മോശമായ പരാമര്‍ശം നമ്മുടെ ഭരണഘടനയുടെ പ്രാധാന്യത്തെ എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. ചര്‍ച്ചില്‍ പറഞ്ഞതുപോലെ ഒരു പ്രതിസന്ധിയും പാഴായിപ്പോകാന്‍ പാടില്ലല്ലോ. ഞാനും പണ്ഡിറ്റ്ജിയും ഒരുപാട് ചിരിച്ചത് ചാനലില്‍ കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടെയും നേതാക്കളും ചില പ്രമുഖ അഭിഭാഷകരും ഭരണഘടനയെച്ചച്ചൊല്ലി വികാരം കൊള്ളുന്നത് കണ്ടപ്പോഴാണ്. നാല് വര്‍ഷം മുന്‍പ് ആചാരത്തിനുപരി ഭരണഘടനാധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച ശബരിമല വിധി വന്നപ്പോള്‍ ഭരണഘടനയെ ചവുട്ടിത്തേച്ചവരാണല്ലോ ഇവര്‍.

സജി: എനിക്ക് ഇപ്പോള്‍ തന്നെ സഖാവിന്റെ പുസ്തകം വേണം.

ഇ.എം.എസ്.: ഞാന്‍ ഒരു ഉപദേശം കൂടി തരട്ടെ. സജി ഇനിയെങ്കിലും പറഞ്ഞ അബദ്ധങ്ങളെ ന്യായീകരിക്കാന്‍ നില്‍ക്കരുത്. ക്ഷമ പറഞ്ഞാലും നല്ലതേ വരൂ.

സജി: ഞാന്‍ എം.എല്‍.എ. സ്ഥാനവും ഒഴിയണമെന്ന് പറഞ്ഞ് പ്രതിപക്ഷം വലിയ ശല്യം.

ഇ.എം.എസ്.: അതെന്തായാലും നിങ്ങളുടെ മനഃസാക്ഷിക്ക് വിടുന്നു. ഇപ്പോഴത്തെ പാര്‍ട്ടിക്കാര്‍ക്കും ഉണ്ടല്ലോ ആ സാധനം.

ഇ.എം.എസ്. ഫോണ്‍ വെച്ചു. സജി പുറത്തിറങ്ങി തന്റെ ടി.വി.എസ്. പുസ്തകക്കടയിലേക്ക് നീങ്ങാന്‍ സ്റ്റാര്‍ട്ട് ചെയ്തു.

ആ നിമിഷം സജി ഉണര്‍ന്നു പോയി. അപ്പോഴേക്കും നേരം ഉച്ച തിരിഞ്ഞിരുന്നു.

Content Highlights: phone conversation between former minister saji cherian and ems namboodiripad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented