മ്പയ്ക്ക് രണ്ട് മുഖമാണ്. വേനലില്‍ തിളയ്ക്കുന്ന മണല്‍പ്പുറത്തിന്റെ ചൂട്. മഴക്കാലത്ത് ഇരുകരമുട്ടി നീരൊഴുക്കത്തിന്റെ ഇരമ്പം. പക്ഷേ, പുഴയുടെ മാരാമണ്‍കരയില്‍ കരുണയുടെ ചിരിമായാതെ ഒരാള്‍ കാത്തിരിക്കുന്നു. തണലായും ആശ്വാസത്തിന്റെ തുരുത്തായും വലിയ ഇടയന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത.

തപിക്കുന്ന മനസ്സുമായി അരമന കയറിവരുന്നവര്‍ ചിരിച്ചാകും മടക്കം. കൈയില്‍ മിഠായിയുടെ മധുരവും കഴുത്തില്‍ നിറമുള്ള മുത്തുമാലയിലെ മരക്കുരിശും നാവില്‍ നര്‍മവും. ഈ സാന്നിധ്യം മലയാളത്തിന്റെ പൂമുഖത്തെ ആശ്വാസമാണ്. മതഭേദമില്ലാതെ മനുഷ്യനെ സ്നേഹിക്കുന്നയാള്‍.

പൗരോഹിത്യത്തിന് മാനവികതയുടെ മുഖം നല്‍കിയ വലിയതിരുമേനിക്ക് നൂറാം വയസ്സിലും വിശ്രമമില്ല. അരമനയില്‍ കയറിവരുന്നവരോട് 'എന്തുവാ... വന്നേ...' എന്നുചോദിച്ച് തുടങ്ങും. പിന്നെ അകത്തേക്കുനോക്കി വിളിക്കും, 'ഇവര്‍ക്കുള്ളത് കൊടുക്കണം'. കേയ്ക്കും മുന്തിരിയും സംഭാരവും മിഠായിയും പിന്നെ ഒന്നൊന്നായി വരും. ഗംഭീരമായി തണുപ്പിച്ച സംഭാരം രണ്ടിറക്ക് കുടിച്ചിട്ടുപറയും... 'എനിക്കിതാ ശീലം. തമ്പുരാന്റെ കാരുണ്യംകൊണ്ട് ഇതിനൊന്നും കുഴപ്പമില്ല'.

'കാരുണ്യം കാട്ടിയവരോടും സഹായിച്ചവരോടും അതേപോലെ തിരിച്ചൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല... അതാണെന്റെ വിഷമം'. നൂറാം വയസ്സ് തികയുന്നവേളയില്‍ തിരുമേനി വലിയസങ്കടം പറഞ്ഞു. 'എന്നെ പഠിപ്പിക്കാനുള്ള ചെലവ് കണ്ടെത്തിയത് അപ്പന്‍ വീട്ടിലെ നാളികേരം വിറ്റിട്ടാണ്. ഞാന്‍ മെത്രാനായത് തെങ്ങുകയറാന്‍ വന്ന തൊഴിലാളി കാരണമാണ്. അവന് എനിക്കൊന്നും ചെയ്തുകൊടുക്കാനായില്ല... ഇതെന്റെ വിഷമമാ...'

'പറ്റുമെങ്കില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും ഒരു സഹായം ചെയ്യണം. കാരണം, നിങ്ങള്‍ ഇന്നിരിക്കുന്നിടം മറ്റൊരുത്തന്റെ വിയര്‍പ്പില്‍ പണിതതാണ്...'

അള്‍ത്താരകളില്‍നിന്നും അരമനകളില്‍നിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്രയായിരുന്നു മാര്‍ ക്രിസോസ്റ്റത്തിന്റേത്. അതില്‍ മതവും ജാതിയും സഭയും തടസ്സമായില്ല. ക്രൈസ്തവവിശ്വാസത്തിന്റെ കൂട്ടായ്മകളെപ്പോലെ അമ്പലമുറ്റങ്ങളിലും ആ വാക്കുകള്‍ ജനം ശ്രദ്ധയോടെ കേട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാഗവതാചാര്യന്‍ മള്ളിയൂര്‍ തിരുമേനിയെ ആദരിക്കുന്ന ചടങ്ങില്‍ ക്രിസോസ്റ്റം പറഞ്ഞത് ഇങ്ങനെ...

'എനിക്കും നമുക്കും ആവശ്യത്തിലധികം വസ്ത്രമുണ്ട്. മള്ളിയൂര്‍ തിരുമേനിക്ക് മുണ്ടുമാത്രവും. കാരണം അദ്ദേഹത്തിന് മറ്റുള്ളവരില്‍നിന്ന് മറച്ചുവെയ്ക്കാനൊന്നുമില്ല. നമുക്ക് മറയ്ക്കാന്‍ ഏറെയും. ഇതാണ് നമ്മളും മള്ളിയൂര്‍ തിരുമേനിയുമായുള്ള വ്യത്യാസം'.

പുല്ലുമേട് ദുരന്തമുണ്ടായപ്പോള്‍ അയ്യപ്പന്മാരെ സഹായിക്കാന്‍ സഭകള്‍ വരാഞ്ഞതിനെ മെത്രാപ്പൊലീത്ത നിശിതമായി വിമര്‍ശിച്ചു. നൂറുപ്രസംഗം ചെയ്യുന്നതിലും മഹത്തായ പലതും ജീവിതത്തിലുണ്ടെന്ന് മേല്‍പ്പട്ടക്കാര്‍ ഓര്‍ക്കണമെന്നായിരുന്നു മുന്നറിയിപ്പ്.

1918 ഏപ്രില്‍ 27-ന് തിരുവല്ല ഇരവിപേരൂരില്‍ അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനനം. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു പേര്. പിതാവ് വികാരി ജനറാളായിരുന്നു. 1944-ലാണ് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്.

യേശുദേവനും മഹാത്മാവും സ്വാധീനിച്ച ജീവിതത്തില്‍ പിന്നില്‍ നില്‍ക്കുന്നവനോടുള്ള കടമയാണ് ജീവിതമെന്ന് നിരന്തരം ഓര്‍മിപ്പിച്ചു. താന്‍ നേതൃത്വംകൊടുത്ത എല്ലാ പരിപാടികളും ഇതേ ദര്‍ശനത്തിലുമായി.

90-ാം പിറന്നാളാഘോഷിച്ചപ്പോള്‍ നവതിവീട് നിര്‍മാണം തുടങ്ങി. ജാതിയും മതവും അതിരിടാതെ 1500 പാവങ്ങള്‍ക്ക് കൂരയൊരുക്കി. മെഴുകുതിരിയും നിലവിളക്കും കത്തിക്കാനും ആദ്യമെത്തിയതും ക്രിസോസ്റ്റം തന്നെ. ഏറ്റവും പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സഹായങ്ങളെത്തിക്കുന്ന സ്റ്റാര്‍ഡ് അഥവാ സൗത്ത് ട്രാവന്‍കൂര്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലപ്മെന്റ് എന്ന പ്രസ്ഥാനം മറ്റൊരു തിളക്കം.

അതിദ്രുതം മുന്നോട്ടുപോയിരുന്ന ഈ ജീവിതത്തെ തളര്‍ത്താന്‍ വന്ന അര്‍ബുദം തോറ്റുപോയി. പിന്നെ അതിന്റെ കഥപറയാന്‍ ഇന്നസെന്റിനെ ആസ്?പത്രിയില്‍പ്പോയി കണ്ടു. വെല്ലൂരില്‍ തനിക്ക് ചികിത്സ നടക്കുമ്പോള്‍ തിരുമേനി മറ്റൊരു പാവപ്പെട്ടവന്റെ ചികിത്സയും ഏറ്റെടുത്ത് നടത്തി.

മണ്ണിട്ട് പച്ചപ്പിനെ കൊല്ലുന്ന വയലില്‍ നെല്ലുമായി മാര്‍ ക്രിസോസ്റ്റം വന്നപ്പോള്‍ ജയിച്ചത് പ്രകൃതിയായിരുന്നു. വികസനം അത് വരുന്ന സ്ഥലത്തുള്ളവര്‍ക്ക് ഗുണം ചെയ്യണമെന്നുപദേശിച്ചു. പമ്പയുടെ കണ്ണീരൊപ്പാന്‍ വഴിചോദിച്ചു. മുറ്റത്തെ കൂട്ടിലുള്ള മുയലുകളും കുമ്പനാട്ടുനിന്ന് കൊണ്ടുവന്ന ആടുകളും സ്വര്‍ണനാവുള്ള മെത്രാനെ കാത്തുനിന്നു. വഴിയിലേക്ക് തലനീട്ടുന്ന ആനക്കൊമ്പന്‍ വഴുതിനകളെ തലോടി അദ്ദേഹം പറഞ്ഞു. ''വെയിലുകൊണ്ടാല്‍ ഇത് നന്നാകും. വെളിച്ചം കിട്ടിയാല്‍ മനുഷ്യനെപ്പോലെ...''

നൂറു തികയുമ്പോള്‍ കേരളത്തോട് പറയാന്‍ ഇതിലും വലിയ സന്ദേശമെന്താണുള്ളത്. 

പുനഃപ്രസിദ്ധീകരണം (മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്.) 

 

Content Highlight: Philipose Mar Chrysostom Mar Thoma