പ്രതീകാത്മക ചിത്രം
കൊച്ചി: മിന്നൽ ഹർത്താൽദിനത്തിലുണ്ടായ അക്രമങ്ങളിലെ നഷ്ടപരിഹാരം ഈടാക്കാനായി ജപ്തിചെയ്ത സ്വത്തിന്റെ ഉടമകൾക്ക് പോപ്പുലർഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ഇതിന്റെ റിപ്പോർട്ട് ഫെബ്രുവരി രണ്ടിനകം ഫയൽചെയ്യണമെന്നും സർക്കാരിനോട് കോടതി നിർദേശിച്ചു.
സ്വത്ത് ജപ്തിചെയ്യപ്പെട്ട ചിലർ പോപ്പുലർഫ്രണ്ടുമായി ബന്ധമില്ലെന്ന പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഇക്കാര്യം സർക്കാർ കഴിഞ്ഞദിവസം നൽകിയ റിപ്പോർട്ടിലുമുണ്ടായിരുന്നു.
ജപ്തിചെയ്ത സ്വത്തുക്കളുടെ മൂല്യനിർണയം നടത്തി ഈ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഫെബ്രുവരിരണ്ടിന് വിഷയം വീണ്ടും പരിഗണിക്കും.
പോപ്പുലർഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തിചെയ്യാൻമാത്രമേ നിർദേശിച്ചിട്ടുള്ളൂ. മറ്റാരുടെയും സ്വത്ത് ജപ്തി ചെയ്യരുതെന്നും കോടതി നിർദേശിച്ചു. പോപ്പുലർഫ്രണ്ട് പ്രവർത്തകർ സെപ്റ്റംബർ 23-നു നടത്തിയ മിന്നൽഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയാ എടുത്ത കേസാണ് പരിഗണിക്കുന്നത്.
ക്ളെയിം കമ്മിഷണർക്ക് നടപടികൾ തുടങ്ങാം
: മിന്നൽഹർത്താലുണ്ടായ നാശനഷ്ടം കൃത്യമായി വിലയിരുത്താനുള്ള നടപടി ഇതിനായി നിയോഗിച്ച ക്ളെയിം കമ്മിഷണർ അടുത്തയാഴ്ച തുടങ്ങണമെന്നും കോടതി നിർദേശിച്ചു. ഹർജികൾ വീണ്ടും പരിഗണിക്കുമ്പോൾ കമ്മിഷണർ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകണം.
Content Highlights: pfi haratal-high court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..