മൂന്നാർ: പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവരിൽ ഒരു കുടുംബത്തിലെ 21 പേരും. മൂന്ന് സഹോദരൻമാരും അവരുടെ ഭാര്യമാരും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും പേരെ കാണാതായിരിക്കുന്നത്. ദുരന്തം നടന്ന് ഒന്നര ദിവസം പിന്നിട്ടതിനാൽ ഇനി ജീവനോടെ ആരെയെങ്കിലും പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയില്ല.

മയിൽസ്വാമി, ഗണേശ്, അനന്തശിവൻ എന്നീ സഹോദരങ്ങളെയും അവരുടെ കുടുംബത്തെയുമാണ് ആർത്തലച്ചുവന്ന മണ്ണും വെള്ളവും നിമിഷനേരംകൊണ്ട് ഒരാളെയും ബാക്കിവെക്കാതെ തുടച്ചുനീക്കിയത്. ഇതിൽ മയിൽസ്വാമിയുടെയും ഗണേശിന്റെയും മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

മയിൽസ്വാമിയും ഗണേശും 14 വർഷമായി വനംവകുപ്പിൽ ​ഡ്രൈവർമാരായിരുന്നു. വ്യാഴാഴ്ച രാത്രി ലയത്തിനു മുന്നിലെ ചായക്കടയ്ക്ക് സമീപം ജീപ്പ് പാർക്ക് ചെയ്ത് ഇരുവരും മറ്റുള്ളവർക്കൊപ്പം ചായ കുടിക്കവേയാണ് മണ്ണിടിച്ചിലിന്റെ രൂപത്തിൽ ദുരന്തമെത്തിയത്.

തിരുനെൽവേലിയിലെ കയത്താർ എന്ന സ്ഥലത്തു നിന്നാണ് ഇവരുടെ പൂർവികർ 60ലേറെ വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ തേയില തോട്ടത്തിലെ ജോലിക്കെത്തിയത്. അനന്തശിവം മൂന്നാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറായിരുന്നു.

ദുരന്തത്തിൽ മറ്റൊരു കുടുംബത്തിലെ ഒൻപത് പേരും പെട്ടിട്ടുണ്ട്. സഹോദരിമാരും ഇവരുടെ ഭർത്താക്കൻമാരും മക്കളും ഉൾപ്പെടെയാണിത്. കുളമാംഗൈ ചൊക്കമുടി എസ്റ്റേറ്റിലെ മാടസ്വാമിയുടെ കുടുംബാംഗങ്ങളാണിവർ.

ഈ കുടുംബങ്ങളിലെ രണ്ട് പെൺകുട്ടികൾ തമിഴ്നാട്ടിൽ നഴ്സിംഗ് പഠിക്കുകയായിരുന്നു. കോവിഡ് സാഹചര്യത്തിൽ കുട്ടികളെല്ലാവരും വീട്ടിൽ എത്തി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ദുരന്തമുണ്ടായത്.