പെട്ടിമുടിയിലെ രക്ഷാപ്രവർത്തനം (ഫയൽ ചിത്രം) | ഫൊട്ടൊ: മാതൃഭൂമി
തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തില്‍ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്(കെ.ഡി.എച്ച്.പി.) അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഉത്തരവിട്ടു. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ എ. കൗശികന് ഐഎഎസിനെ ചുമതലപ്പെടുത്താനും ആവശ്യമായ വിദഗ്ദ്ധരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനും റവന്യൂ മന്ത്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലകിന് വെള്ളിയാഴ്ച വൈകിട്ട് നിര്‍ദ്ദേശം നല്കി.
പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വന്നോ എന്ന കാര്യം പരിശോധിക്കണമെന്ന പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വന്നുവെന്നും വാര്ത്താവിനിമയസംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പിക്കണം. ഭാവിയില്‍ ഇത്തരം പ്രകൃതിദുരന്തസാദ്ധ്യതയുളള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഓഗസ്റ്റ് ആറിന് രാത്രി നടന്ന ദുരന്തം 12 മണിക്കൂര്‍ വൈകിയാണ് പുറം ലോകമറിയുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയെന്നും ഒട്ടേറെ ജീവഹാനി സംഭവിച്ചെന്നുമുള്ള പരാമര്‍ശങ്ങളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്. രാത്രിയില്‍ നടന്ന ദുരന്തത്തെ കുറിച്ച് കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന് (കെ.ഡി.എച്ച്.പി.) കമ്പനി ഫീല്‍ഡ് ഓഫീസറെ അറിയിച്ചിരുന്നുവെന്നാണ് വിവരം. വിവരം പുറത്തറിയിക്കാന്‍ വൈകിയതു കാരണം രക്ഷാപ്രവര്‍ത്തനം ആദ്യമണിക്കൂറുകളില്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കെ.ഡി.എച്ച്.പി. കമ്പനിയുടെ അധികാര പരിധിക്കുള്ളില്‍ രാത്രിയുണ്ടായ വന്‍ദുരന്തം സംബന്ധിച്ച വിവരം രാജമല മാനേജേഴ്സ് ബംഗ്ലാവില്‍നിന്നും പുറം ലോകത്തെ അറിയിക്കുവാന്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ ദുരന്തം സംബന്ധിച്ച യഥാര്‍ഥ വിവരം അധികാരസ്ഥാനങ്ങളെയും പുറംലോകത്തെയും യഥാവിധി അറിയിക്കുന്നതില്‍ കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
Content Highlights: Pettimudi disaster, delayed communication by KTDH- special team for investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..