കൊച്ചി: മൂന്നാര്‍ പെട്ടിമുടി ദുരന്തം പുറം ലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വന്നോ എന്ന് പരിശോധിക്കണമെന്ന് അന്വേഷണറിപ്പോര്‍ട്ട്. കളക്ടര്‍ നിയോഗിച്ച പ്രത്യേക ദൗത്യ സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്. രാത്രിയില്‍ നടന്ന ദുരന്തത്തെ കുറിച്ച് കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍(കെ.ഡി.എച്ച്.പി.) കമ്പനി ഫീല്‍ഡ് ഓഫീസറെ അറിയിച്ചിരുന്നുവെന്നാണ് വിവരം. വിവരം പുറത്തറിയിക്കാന്‍ വൈകിയതു കാരണം രക്ഷാപ്രവര്‍ത്തനം ആദ്യമണിക്കൂറുകളില്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
 
കഴിഞ്ഞ മാസം ആറിന് രാത്രി നടന്ന ദുരന്തം 12 മണിക്കൂര്‍ വൈകിയാണ് പുറം ലോകമറിയുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. ഒട്ടേറെ ജീവഹാനി സംഭവിച്ചു, തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് സമര്‍പ്പിച്ചത്
 
കെ.ഡി.എച്ച്.പി. കമ്പനിയുടെ അധികാരസീമയ്ക്കുള്ളില്‍ രാത്രിയുണ്ടായ വന്‍ദുരന്തം സംബന്ധിച്ച വിവരം രാജമല മാനേജേഴ്‌സ് ബംഗ്ലാവില്‍നിന്നും പുറം ലോകത്തെ അറിയിക്കുവാന്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ ദുരന്തം സംബന്ധിച്ച യഥാര്‍ഥ വിവരം അധികാരസ്ഥാനങ്ങളെയും പുറംലോകത്തെയും യഥാവിധി അറിയിക്കുന്നതില്‍ കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടൊണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
 
ദുരന്തം സംഭവിച്ച ശേഷം രക്ഷപ്പെട്ടവരൊക്കെ ഇത്തരമൊരാപണം ഉന്നയിച്ചിരുന്നു. രാത്രി തന്നെ ഫീല്‍ഡ് ഓഫീസറെ വിവരം അറിയിച്ചിരുന്നു എന്നാല്‍ റവന്യു അധികൃതരെ ഉടന്‍ അറിയിച്ചില്ല എന്ന കാര്യവും പരിശോധിക്കപ്പെടണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.വിവരം അറിയിക്കുന്നതില്‍ 12 മണിക്കൂറോളം വൈകി എന്നാണ് റിപ്പോര്‍ട്ട്.
 
 
pettimudi landslide
പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തനം (ഫയല്‍ ചിത്രം) | ഫൊട്ടൊ: മാതൃഭൂമി 
രാജമല എസ്റ്റേറ്റ് ബംഗ്ലാവിലെ ഫീല്‍ഡ് ഓഫീസറെ ദുരന്ത വിവരമറിയിച്ചെങ്കിലും പിറ്റേ ദിവസം രാവിലെ 8.30ന് ജെസിബി ആവശ്യപ്പെടുമ്പോഴാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. എസ്‌റ്റേറ്റ് ലയങ്ങളുടെ പുറകില്‍ മണ്ണിടിഞ്ഞതിനാല്‍ ജെസിബി വേണം എന്നാവശ്യപ്പെട്ടാണ് റവന്യു അധികൃതരേ കമ്പനി വിളിക്കുന്നത്. 
 
പുലര്‍ച്ചെ ആറ് മണിയോടെ പലരും മരണമടഞ്ഞു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമായിരുന്നെങ്കില്‍ ചിലരെങ്കിലും രക്ഷപ്പെട്ടേനേ. അടിസ്ഥാന സൗകര്യമില്ലാത്ത ലയങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണ്. ഇത്തരത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ലയങ്ങളുടെ സുരക്ഷ കമ്പനികള്‍ ഉറപ്പാക്കണമെന്നും സുരക്ഷയെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നും അന്വേഷണം സംഘം നിര്‍ദേശിക്കുന്നു.
 
അതേസമയം, ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ മനപ്പൂര്‍വ്വമായ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കെ.ഡി.എച്ച്.പി. അധികൃതര്‍ പറഞ്ഞു. കനത്ത മഴയും ആറുകള്‍ കരകവിഞ്ഞതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതുമാണ് ഇതിനു കാരണമെന്നും അവര്‍ അറിയിച്ചു.
 
content highlights: Pettimudi disaster, delay in rescue due to the delayed communication by KTDH company