.
തിരുവനന്തപുരം: കേന്ദ്രം തീരുവ കുറയ്ക്കുകയും സംസ്ഥാനത്തിന്റെ നികുതി ആനുപാതികമായി കുറയുകയും ചെയ്തിട്ടും പെട്രോളിന് കേരളത്തില്‍ പ്രതീക്ഷിച്ച വിലക്കുറവുണ്ടായിരുന്നില്ല. 10.41 രൂപയായിരുന്നു യഥാര്‍ത്ഥത്തില്‍ കുറയേണ്ടിരുന്നതെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസം കുറഞ്ഞത് 9.40 രൂപ മാത്രമായിരുന്നു. കേന്ദ്രം വില കുറച്ചതിന് പിന്നാലെ എണ്ണ കമ്പനികള്‍ കേരളത്തിലേക്ക് വരുന്ന പെട്രോളിന് വില വര്‍ധിപ്പിച്ചതാണ് ഈ ഒരു രൂപയുടെ കുറവിന് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നികുതി കുറഞ്ഞ ദിവസം തന്നെ എണ്ണ കമ്പനികള്‍ കേരളത്തിലെത്തുന്ന ബില്ലിങ് വിലയില്‍ 79 പൈസ കൂട്ടിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഇതിന്റെ നികുതിയടക്കം ചേര്‍ത്താണ് ഒരു രൂപയുടെ കുറവുണ്ടായിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സംസ്ഥാനം നികുതികൂട്ടിയിട്ടില്ലെന്നും 30.8 ശതമാനത്തില്‍ത്തന്നെ നിലനിര്‍ത്തിയിരിക്കയാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രം തീരുവകുറച്ചതിനുപിന്നാലെ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കൂട്ടി എന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്നും അദ്ദേഹം പറയുകയുണ്ടായി.
തിരുവനന്തപുരത്ത് 9.48 രൂപയാണ് പെട്രോളിന് ഞായറാഴ്ച കുറഞ്ഞത്. എറണാകുളം(9.31 രൂപ), കോഴിക്കോട് (9.42 രൂപ), കണ്ണൂര്‍ (9.54 രൂപ), വയനാട് (9.45 രൂപ), കാസര്‍കോട് (9.64 രൂപ) എന്നിങ്ങനെയാണ് കുറഞ്ഞത്. ഡീസലിന് കേന്ദ്രം ആറുരൂപകുറച്ചപ്പോള്‍ കേരളത്തില്‍ 1.36 രൂപയാണ് കുറഞ്ഞത്. രണ്ടുംചേര്‍ന്ന് 7.36 രൂപയാണ് കുറയേണ്ടിയിരുന്നത്. ഞായറാഴ്ച ഡീസല്‍വില ചില ജില്ലകളില്‍ 7.42 രൂപവരെ കുറഞ്ഞിരുന്നു.
കേന്ദ്രതീരുമാനത്തോടെ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമായിരുന്ന തീരുവ യഥാക്രമം 19.9 രൂപയും 15.8 രൂപയുമായി. കേരളത്തില്‍ പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വില്‍പ്പനനികുതി. ഇതിനുപുറമേ ഒരുരൂപവീതം അധികനികുതിയും ഒരുശതമാനം സെസുമുണ്ട്. ശനിയാഴ്ച 115 രൂപയ്ക്ക് പെട്രോള്‍ വാങ്ങുമ്പോള്‍ അടിസ്ഥാനവില കേരളത്തില്‍ 56.87 രൂപയായിരുന്നു. ഇതില്‍ ഏകദേശം ഒരുരൂപയ്ക്കടുത്ത് വര്‍ധനവന്നാലേ ഞായറാഴ്ചത്തെ വിലയുമായി പൊരുത്തപ്പെടൂ.
Content Highlights: petrol price kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..