തിരുവനന്തപുരം: വാചകമടിക്കാതെ കേന്ദ്രം കുറച്ചതുപോലെ ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. കര്‍ണ്ണാടക സര്‍ക്കാര്‍ ഏഴ് രൂപ കുറച്ച് കഴിഞ്ഞു. ഗോവ അടക്കം ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങള്‍ ഇതിന് മുന്‍പ് ഒരു വിഹിതം കുറച്ചിരുന്നു. 23 ശതമാനം ഡീസലിനും 30 ശതമാനം പെട്രോളിനും നികുതി കൈപ്പറ്റുന്ന കേരള സര്‍ക്കാര്‍ ഇത് വരെ നായാ പൈസ കുറച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. 

ഇന്ധന വില കുത്തനെ ഉയരുമ്പോഴും നികുതി ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക തട്ടുന്നത് കേന്ദ്ര സര്‍ക്കാരാണോ കേരള സര്‍ക്കാരാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇന്ന് വരെ കേരളത്തിലെ ധനമന്ത്രിമാര്‍ പറഞ്ഞിട്ടില്ല. പറയാന്‍ കഴിയില്ല, കാരണം സ്‌പെഷ്യല്‍ സെസ്സ് ഒഴിച്ച് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നികുതിയുടെ വിഹിതവും സംസ്ഥാനത്തിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

2018ന് ശേഷം ക്രൂഡോയില്‍ വില ഏറ്റവും ഉയര്‍ന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായിട്ടാണ് 10 രൂപ ഡീസലിനും 5 രൂപ പെട്രോളിനും കുറച്ചത്. നികുതി ഇനത്തില്‍ കേന്ദ്രത്തിനേക്കാള്‍ കൂടുതല്‍ കിട്ടുന്ന കേരളം വാചകമടി നിര്‍ത്തി ഡിസലിനും പെട്രോളിനും നികുതി കുറക്കണം. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച് വില കുറക്കാന്‍ തയ്യാറായതു പോലെ കേരളവും തയ്യാറാകണം. കേന്ദ്രം മുഖം രക്ഷിക്കാന്‍ എടുത്തതാണ് നടപടി എന്ന് പറഞ്ഞ് പരിഹസിക്കുന്നതിന് പകരം നികുതി കുറച്ച് കേന്ദ്രം കാണിച്ച മാതൃക കാണിക്കാന്‍ ബാലഗോപാല്‍ തയ്യാറാകണം എന്നിട്ടാകാം കേന്ദ്രത്തിനെതിരെ പരിഹാസമെന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. 

content highlights: petrol disel price hike, b gopalakrishnan critisize state government