.jpg?$p=3ca10ba&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Photo: ANI
കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കി പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂടിയത്. 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ് കൂടിയത്.
ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.63 രൂപയും ഡീസലിന് 100.58 രൂപയുമാണ് ഇന്നത്തെ വില.
മണ്ണെണ്ണ വിലയും വർധിച്ചു
തിരുവനന്തപുരം: വിഹിതം 40 ശതമാനം വെട്ടിക്കുറച്ചതിനുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണയുടെ വിലയും കൂട്ടി. 28 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ വില ലിറ്ററിന് 81 രൂപയായി. സബ്സിഡി നല്‍കുന്നതടക്കം വിലക്കുറവിനുള്ള എല്ലാവഴികളും പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു.
കുറഞ്ഞവിലയ്ക്ക് വാങ്ങിയ മണ്ണെണ്ണയുടെ കരുതല്‍ശേഖരം ഇല്ലാത്തതിനാല്‍ കേരളത്തില്‍ ഉയര്‍ന്നവിലയ്ക്കുതന്നെ മണ്ണെണ്ണ വില്‍ക്കേണ്ടിവരും. കേന്ദ്രവിഹിതം കുറച്ചതോടെ മൂന്നുമാസത്തിലൊരിക്കല്‍ ബി.പി.എല്‍. വിഭാഗത്തിന് ഒരുലിറ്ററും എ.പി.എല്‍. വിഭാഗത്തിന് അരലിറ്ററും വൈദ്യുതി ഇല്ലാത്ത വിഭാഗത്തിന് എട്ടുലിറ്ററും നല്‍കുന്നത് ഈമാസം കുറയും.
വില കൂട്ടിയതിന്റെ ഭാരം റേഷന്‍കടയില്‍നിന്ന് മണ്ണെണ്ണവാങ്ങുന്ന എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കും. വിലക്കയറ്റം മത്സ്യബന്ധനമേഖലയ്ക്ക് വലിയ തിരിച്ചടിയാകും. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന 25 രൂപ സബ്സിഡി ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
വിലവര്‍ധന സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അനുവദിച്ച മണ്ണെണ്ണവിഹിതം കേരളം വിനിയോഗിച്ചില്ലെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ കുറ്റപ്പെടുത്തല്‍..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..