തിരുവനന്തപുരം:  നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ അരുവിയോട് സ്വദേശി വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ബുധനാഴ്ച രാവിലെയാണ് നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ പഞ്ചായത്തിലെ അരുവിയോട് ഭിന്നശേഷിക്കാരന് നേരെ അയല്‍വാസിയുടെ ക്രൂരത അരങ്ങേറിയത്. ഭിന്നശേഷിക്കാരനും ശവപ്പെട്ടിക്കട ഉടമയുമായ വര്‍ഗീസിനുനേരെ അയല്‍വാസി സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.  

സെബാസ്റ്റിയന്റെ വീടിനോട് ചേര്‍ന്നാണ് വര്‍ഗീസ് ശവപ്പെട്ടിക്കട നടത്തുന്നത്. ഇതിനെതിരെ സെബാസ്റ്റ്യന്‍ പഞ്ചായത്തിലടക്കം നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിലൊന്നും കഴമ്പില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് നടപടിയെടുത്തില്ല.  ഇതില്‍ വൈരാഗ്യമുണ്ടായിരുന്നു. ഇന്ന് രാവിലെ വീടിന്റെ ടെറസില്‍ കയറിയ ശേഷം സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് വര്‍ഗീസിന് നേരെ എറിഞ്ഞത്. ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്തതിനാല്‍ വര്‍ഗീസിന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. സെബാസ്റ്റ്യനെ തടഞ്ഞുവെച്ചനാട്ടുകാര്‍ പോലീസിന് കൈമാറി. 

Content Highlight:  Petrol bomb attack against handicapped Man