പിണറായി വിജയൻ, ആർ.എസ് ശശികുമാർ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളിയ ലോകായുക്തയുടെ നിലപാട് താന്‍ പ്രതീക്ഷിച്ച പോലെയെന്ന് ഹര്‍ജിക്കാരനായ ആര്‍.എസ്. ശശികുമാര്‍. ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിപ്രായം കേട്ടിരുന്നില്ല എന്ന വാദം തെറ്റാണെന്നും ശശികുമാര്‍ വ്യക്തമാക്കി.
'2018 സെപ്റ്റംബര്‍ 17ന് ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ അന്നത്തെ ലോകായുക്തയുടെ ഫുള്‍ ബെഞ്ച് വിശദമായ വാദം കേട്ട ശേഷമാണ് 2019 ജനുവരി 14ന് പരാതിയില്‍ തുടരന്വേഷണം ആവശ്യമാണെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നത്തെ ലോകായുക്ത ഉത്തരവില്‍ പ്രാഥമികമായി പറയുന്നത് മാര്‍ച്ച് 31 ന്റെ ഉത്തരവ് അന്തിമ ഉത്തരവല്ലായെന്നും അത് ഇടക്കാല ഉത്തരവായതുകൊണ്ട് തന്നെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കാന്‍ സാധ്യമല്ല എന്നുമാണ്. ഈ വാദം അംഗീകരിച്ചാല്‍ തന്നെ, ലോകായുക്ത 2019 ജനുവരി പതിനാലാം തീയതി തീരുമാനമെടുത്ത് ഉത്തരവ് പുറപ്പെടുവിച്ച വിഷയത്തില്‍ ഇപ്പോഴും ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വിരുദ്ധാഭിപ്രായമാണ് എന്ന മാര്‍ച്ച് 31 ന്റെ ഉത്തരവിനെയാണ് പുനഃപരിശോധനാ ഹര്‍ജിയിലൂടെ ഞാന്‍ ചോദ്യം ചെയ്തത്.'- ശശികുമാര്‍ പറയുന്നു.
'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഴിവിട്ട സഹായം നല്‍കുവാനുള്ള മന്ത്രിസഭായോഗ തീരുമാനം സംബന്ധിച്ച പരാതി ലോകായുക്തയ്ക്ക് പരിഗണിക്കാമോ എന്നതു സംബന്ധിച്ച വിരുദ്ധ അഭിപ്രായമുണ്ട് എന്നതാണ് ഞാന്‍ രണ്ടാമതായി ചൂണ്ടിക്കാട്ടിയത്. ഈ വിഷയം ലോകായുക്തയുടെ പരിഗണനയ്ക്ക് എടുക്കാവുന്നതാണെന്നും തുടരന്വേഷണം വേണ്ടതാണെന്നും ഫുള്‍ ബെഞ്ച് തന്നെ 2019 ജനുവരി 14ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. അന്ന് ആ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഭിപ്രായം കേട്ടിരുന്നില്ല എന്ന വാദം തെറ്റാണ്. കേസിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ എതിര്‍കക്ഷികള്‍ക്കു വേണ്ടി അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് നോട്ടീസ് കൈപ്പറ്റിയിരുന്നു.' ശശികുമാര്‍ പറഞ്ഞു.
മാത്രമല്ല 2019ലെ ഉത്തരവില്‍ ലോകായുക്തയും ഉപലോകായുക്തയും ഇപ്രകാരം പറയുന്നതായി ശശികുമാര്‍ ചൂണ്ടിക്കാട്ടുന്നു;
ജസ്റ്റിസ് പയസ്സ് സി കുര്യാക്കോസ് പറഞ്ഞിട്ടുള്ളത്
'നിലവിലുള്ള ചട്ടങ്ങള്‍ ലംഘിച്ചാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നിലവിലെ ചട്ടങ്ങളെ മറികടന്നും ചട്ടങ്ങള്‍ പുതുക്കാന്‍ മെനക്കെടാതെയും ഇങ്ങനെ ഫണ്ട് വിതരണം ചെയ്യുന്നത് എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.ഇനി ഇത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെങ്കില്‍ കൂടിയും 3 ലക്ഷത്തിന് മുകളില്‍ തുക അനുവദിക്കാന്‍ കഴിയുന്നതല്ല. മാത്രവുമല്ല ഈ മൂന്ന് പേര്‍ക്കും തുക അനുവദിച്ചത് അപേക്ഷകള്‍ ഇല്ലാതെയാണ്. ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്നു, ക്യാബിനറ്റ് നോട്ട് ഇല്ല, ഫയല്‍ ഇല്ല, വരുമാന പരിധി കണക്കിലെടുത്തിട്ടില്ല. അതിനാല്‍ ഇതില്‍ സുതാര്യത ഇല്ലായ്മ ഉണ്ട്.
ഇത്തരം നടപടികള്‍ക്ക് 'മന്ത്രിസഭാ തീരുമാനം' എന്ന പരിരക്ഷ ലഭിക്കില്ലെന്ന് ലാവ്‌ലിന്‍, പാമൊലിന്‍ കേസുകളില്‍ വ്യക്തമായിട്ടുണ്ട്. സ്വജന പക്ഷപാതം നടന്നിട്ടുണ്ടെന്ന് വ്യക്തം.
പൊതുജന സേവകരെന്ന കര്‍ത്തവ്യ നിര്‍വഹണത്തില്‍, ദുരുദ്ദേശങ്ങളും, സ്വജന പക്ഷപാതവും, സത്യസന്ധത ഇല്ലായ്മയും ഉണ്ടായാല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. വിവേചനാധികാരം എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കലല്ല'. മേല്‍ പറഞ്ഞ നടപടികളില്‍ സുതാര്യത ഇല്ലായ്മ ഉണ്ടെന്ന് വ്യക്തം. അതിനാല്‍ അന്വേഷണം നടക്കേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം. അതുകൊണ്ട് പരാതി സ്വീകരിക്കാവുന്നതും അന്വേഷണം നടത്താവുന്നതുമാണ്. വകുപ്പ് 14 അനുസരിച്ചുള്ള നടപടികള്‍ ബാധകമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ലോകായുക്ത ആക്ട് 1999 പ്രിയാമ്പിള്‍ ഉദ്ധരിച്ച് ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്റെ ഉത്തരവില്‍ പറയുന്നത്
'ഈ ചട്ടത്തിന്റെ പരിധിയില്‍ കേരള സര്‍ക്കാരും സര്‍ക്കാരിലെ ഉദ്യോഗസ്ഥരും വരും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് രണ്ട് , മൂന്ന് എന്നിവയില്‍ വരുന്നതാണ് മേല്‍ പറഞ്ഞ വിഷയമെന്ന് അറ്റോണിക്ക് വാദമില്ല.പ്രതികള്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയിട്ടുണ്ടെന്നാണ് കേസ്. അതുകൊണ്ട് തന്നെ ഈ പരാതി അന്വേഷിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ട്. ക്യാബിനറ്റ് തീരുമാനമാണ് എന്നതിന്റെ പേരില്‍ അന്വേഷണം ഒഴിവാക്കാനാകില്ല. കാരണം സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്ന് ചട്ടം നിര്‍വചിക്കുന്നു.'
പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിയോ അന്നത്തെ മന്ത്രിമാരോ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് മേല്‍ക്കോടതികളെ ഒരു ഘട്ടത്തിലും സമീപിച്ചിട്ടില്ലെന്നും പ്രതിസ്ഥാനത്തുള്ളവര്‍ ഒരു ഘട്ടത്തില്‍ പോലും ഉന്നയിക്കാത്ത വാദങ്ങളാണ് ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി തളളാനായി ലോകായുക്ത മുന്നോട്ട് വയ്ക്കുന്നതെന്നും ശശികുമാര്‍ ആരോപിക്കുന്നു. അതിനാല്‍ പുനഃപരിശോധന ഹര്‍ജി തള്ളിയ ലോകായുക്തയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് ശശികുമാര്‍ പറയുന്നു. അതിനാലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ലോകായുക്തയുടെ ഫുള്‍ ബെഞ്ച് ചേര്‍ന്ന് തന്റെ പരാതിയില്‍ പുനര്‍വാദം കേള്‍ക്കാനുള്ള തീരുമാനം നീട്ടി വയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതും ലോകായുക്ത കേസ് അടുത്തമാസം അഞ്ചിലേക്ക് മാറ്റിയിട്ടുള്ളതെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: petitioner rs sasikumar against lokayuktha verdict on cms relief fund case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..