അരിക്കൊമ്പൻ (File Photo)
ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും മൃഗസ്‌നേഹികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തുന്നത്. കേസിൽ വനംവകുപ്പും വിവിധ പഞ്ചായത്തുകളും മറ്റ് ചില സ്വകാര്യ വ്യക്തികളും കക്ഷിചേരുകയും വനം വകുപ്പ് കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പട്ടിക കോടതിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
കോടതിയില്‍ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും നാട്ടുകാരും. ഇന്ന് കോടതിയില്‍ നിന്നും അനുമതി ലഭിക്കുകയാണെങ്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് തന്നെ അരിക്കൊമ്പന്‍ ദാത്യം ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് മുന്‍പ് മയക്കുവെടി വച്ച് ആനയെ കൊണ്ടുപോകാനുള്ള നടപടികളെല്ലാം അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടും ‘പിടിച്ചു കെട്ടൂ... പിടിച്ചു കെട്ടൂ... അരിക്കൊമ്പനെ പിടിച്ചു കെട്ടൂ...’ എന്ന മുദ്രാവാക്യമാണ് ഉയർന്നു കേൾക്കുന്നത്. വർഷങ്ങളായി ഉയർത്തിയ പ്രതിഷേധങ്ങളുടെ ഫലമായാണ് അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ് തയ്യാറായത്. എന്നാൽ, ആ തീരുമാനത്തിനെ ചില മൃഗസ്നേഹികൾ തടസ്സപ്പെടുത്തിയതിൽ രൂക്ഷമായ ഭാഷയിലാണ് ചിന്നക്കനാലുകാർ വിമർശിക്കുന്നത്.
18 വർഷംകൊണ്ട് അരിക്കൊമ്പൻ തകർത്തത് 180-ൽപ്പരം കെട്ടിടങ്ങള്‍
രാജാക്കാട്: 2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 23 എണ്ണം ഈവർഷം തകർത്തതാണ്. ആക്രമണത്തിൽ വീടുകളും മറ്റും തകർന്നുവീണ് മുപ്പതോളം പേർക്ക് പരിക്കേറ്റു.
അരിക്കൊമ്പന്റെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ കണക്കാണിത്. നൂറിലധികം പേരുടെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. അക്ഷയ സെൻറർ വഴി അപേക്ഷ സമർപ്പിച്ചവരുടെ മാത്രം എണ്ണമാണുൾപ്പെടുത്തിയിട്ടുള്ളത്. ആനയിറങ്കൽ, പന്നിയാർ എന്നിവിടങ്ങളിലെ റേഷൻകടകൾ പലതവണയാണ് അരിക്കൊമ്പൻ തകർത്തത്. പല സ്ഥലത്തായി വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാത്തതിനാൽ കണക്കിലുൾപ്പെടുത്തിയിട്ടില്ല. വീട്ടുനമ്പരില്ലാത്ത കെട്ടിടങ്ങൾ ഷെഡുകൾ പട്ടയമില്ലാത്ത സ്ഥലത്ത് തകർത്തവീടുകൾ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ല.
2010 മുതൽ ഈ മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതുസംബന്ധിച്ച് രജിസ്റ്റർചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. ഇവയൊക്കെ പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.
Content Highlights: petition filed by the animal lovers on arikomban issue will be considered today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..