സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ തിരെഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. സ്ഥാനമേറ്റെടുത്തതിന് ശേഷം കാതോലിക്ക ബാവ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓർത്തോഡോക്സ് സഭയിൽ ഏഴ് വൈദികരെ മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യം ഉന്നയിക്കുന്നു.
ഫെബ്രുവരി 25-നാണ് വൈദികർക്ക് മെത്രോപ്പോലീത്ത പട്ടം നൽകുന്ന ചടങ്ങ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് യാക്കോബായ വിശ്വാസികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മൂന്ന് ആഴ്ചയ്ക്ക് ശേഷമേ അപേക്ഷ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി.
പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ജോണി ഇ.പി, കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. യാക്കോബായ വിശ്വാസികളായ ഇവര്‍ നേരത്തെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഓര്‍ത്തോഡോക്സ് വൈദികര്‍ക്കും ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ ഇവർ സുപ്രീം കോടതിയില്‍ നേരത്തെ അപേക്ഷ നൽകിയിരുന്നുവെങ്കിലും കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിക്കുകയായിരുന്നു. യാക്കോബായ സഭാ വിശ്വാസികൾക്ക് വേണ്ടി അഭിഭാഷകരായ രാജീവ് മിശ്ര, സനന്ദ് രാമകൃഷ്ണൻ എന്നിവരും ഓർത്തോഡോക്സ് സഭയ്ക്ക് വേണ്ടി ഇ.എം.എസ് അനാം, പി.എസ് സുധീർ എന്നിവരുമാണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്.
Content Highlights: petition against malankara orthodox sabha election in supreme court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..