തിരുവനന്തപുരം: സര്‍ക്കാര്‍ നിയമിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ റിട്ട് ഹര്‍ജിയുമായി നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും താനും സ്പീക്കറും ചേര്‍ന്ന സമിതിയാണ് ലോകായുക്തയെ തിരഞ്ഞെടുത്തത്. തന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലല്ല ലോകായുക്ത തീരുമാനമെടുത്തത്. ലോകായുക്ത വിധി വന്ന ആ നിമിഷം ജലീല്‍ രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മികതയുണ്ടെന്ന് പറയാമായിരുന്നു എന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ലോകായുക്തക്കെതിരേ സര്‍ക്കാര്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയാണെങ്കില്‍ എന്തിന് വേണ്ടിയായിരുന്നു ജലീലിന്റെ രാജി നാടകമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. ആരുടെ നിര്‍ദേശപ്രകാരമാണ് രാജിനാടകം നടത്തിയതെന്നും ജലീലിന്റെ രാജി മുഖംരക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാരിന് മേല്‍ക്കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. പരാതിയില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ലഭിച്ചില്ലെന്നും അതിനാല്‍ കോടതിയെ സമീപിക്കാമെന്നുമായിരുന്നു നിയമോപദേശത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഇത് പരിഗണിച്ച് ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.