ഒല്ലൂര്‍: ചേരുംകുഴി പയ്യനം പാറേക്കുടിയില് പത്രോസ് (62) മൂന്നു പതിറ്റാണ്ടിലേറെയായി പാറപ്പുറത്താണ് കൃഷിയിറക്കുന്നത്. വട്ടപ്പാറയിലെ പാറപ്പുറവും ചെങ്കുത്തായ കല്ലിടുക്കുകളുമൊക്കെ താഴെനിന്ന് മണ്ണ് കോരിക്കൊണ്ടുവന്ന് തടമുണ്ടാക്കി പത്രോസും കുടുംബവും കൃഷിയിടമാക്കിമാറ്റുന്നു. 32 ഏക്കറിലാണ് ഇവരുടെ കൃഷി. ഭാര്യയും മക്കളും സഹോദരങ്ങളായ കുരിയനും ദാവീദും കുഞ്ഞമ്മയുമൊക്കെ കര്‍ഷകരാണ്. വട്ടപ്പാറയ്ക്കു പുറമേ കാളക്കുന്നിലും ഇവരുടെ കൃഷിയിടമുണ്ട്. എട്ടുമുതല്‍ പത്തുടണ്‍ വരെ പാവല്‍ ഇവര്‍ കയറ്റി അയക്കാറുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രളയക്കെടുതി മൂലം കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത്തവണ കോവിഡും ലോക്ഡൗണും വഴിമുടക്കി.
കാട്ടുപന്നി ശല്യമുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ വട്ടപ്പാറയിലെത്തി നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുകയാണ് പതിവ്. പാവലിനു പുറമേ പയര്‍, ചീര, വെണ്ട, വഴുതന, മത്തന്‍, കുമ്പളം, പച്ചമുളക് എന്നിവയുമുണ്ട്. കോട്ടയത്തെ ഉഴവൂരില്‍നിന്നും കോതമംഗലം പള്ളിക്കരയില്‍ നിന്നുമൊക്കെ ആറേഴു പതിറ്റാണ്ടുമുമ്പ് ചേരുംകുഴിയിലെത്തിയ കുടിയേറ്റ കര്‍ഷകകുടുംബമാണ് ഇവരുടേത്. ഇതുവരെ പട്ടയം കിട്ടിയിട്ടില്ല. അതിനാല്‍ കര്‍ഷകര്‍ക്കു ലഭിക്കേണ്ട ഒരു ആനുകൂല്യവും ലഭിക്കാറില്ല
പ്രളയക്കെടുതിയിലെ നാശത്തിനും ഒന്നും കിട്ടിയില്ല. നിലവിലെ ബാധ്യത മറന്നാണ് വീണ്ടും ഈ മഹാമാരിക്കിടയിലും ഇവര്‍ പ്രതീക്ഷകളുടെ വിത്തെറിയുന്നത്. രാവിലെ ഏഴു മണിയോടെ കൃഷിസ്ഥലത്തെത്തും. ഇവിടെയുള്ള ഒരു താത്കാലിക ഷെഡ്ഡില്‍ ആഹാരമുണ്ടാക്കും. രാത്രിയോടെ വീടുകളിലേക്ക് മടങ്ങും.
Content Highlight: pathrose farm in Ollur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..