രക്ഷാപ്രവർത്തനത്തിന് വഴിതെളിച്ച നായ പാണ്ഡു, രക്ഷപ്പെട്ട രമേശൻ, രക്ഷപ്പെടുത്തിയ സുഭാഷ്
പറവൂര്‍: നിര്‍ത്താതെ പ്രത്യേക ശബ്ദത്തില്‍ കുരച്ചു. പിന്നെ വീടിനുമ്മറത്തേക്കും പുഴയരികിലേക്കും ഓടിയോടി നടന്നു. അങ്ങനെ പാണ്ഡു എന്ന വളര്‍ത്തുനായ സുഭാഷിനെ അപകടസ്ഥലത്തെത്തിച്ചു. ചെളിവെള്ളം നിറഞ്ഞ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു ഒരു മനുഷ്യജീവന്. പുറത്തു കാണുന്നത് കൈകള്‍ മാത്രം. പിന്നെ ഒരു നിമിഷംപോലും സുഭാഷ് പാഴാക്കിയില്ല. പുഴയിലേക്ക് എടുത്തുചാടി അപകടത്തില്‍പ്പെട്ടയാളെ കരയ്ക്കെത്തിച്ചു.
ഞായറാഴ്ച രാത്രി എട്ടിനാണ് നായയുടെ ബുദ്ധിശക്തിയും യജമാനന്റെ സാഹസിക രക്ഷാദൗത്യവും ഒരു ജീവന് തുണയായത്. ചെറായി പാലത്തിനു സമീപമായിരുന്നു സംഭവം. പെരുമ്പടന്ന മാട്ടുമ്മല്‍ രമേശനെയാണ് രക്ഷപ്പെടുത്തിയത്. രാത്രി ഒരു വിവാഹപാര്‍ട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങിയ രമേശന്റെ വാഹനം നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് പുഴയിലേക്ക് തെറിച്ചുവീണത്. സുഭാഷിന്റെ വീട് പുഴയരികിലാണ്.
കരയ്ക്കെത്തിച്ച രമേശന് കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നല്കി. ഫയര്‍ ആന്‍ഡ് റസ്ക്യൂ സിവില്‍ ഡിഫന്‍സ് പറവൂര്‍ യൂണിറ്റ് അംഗമാണ് തുരുത്തിയില്‍ വീട്ടില്‍ സുഭാഷ് (56). ജീവന് രക്ഷാപ്രവര്‍ത്തനത്തിനുള്ള പരിശീലനവും സിദ്ധിച്ചിട്ടുണ്ട്. പറവൂര്‍ നഗരസഭയിലെ കില ഫാക്കല്‍റ്റി കൂടിയാണ്. കളമശ്ശരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രമേശന് സുഖം പ്രാപിച്ചുവരുന്നു.
Content Highlights: pet dog helps to rescue a man from pond in paravoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..