കിഴക്കൂട്ട് അനിയൻ മാരാർ,പെരുവനം കുട്ടൻ മാരാർ(ഇടത്), പെരുവനത്തിന്റെ നേതൃത്വത്തിൽ നടന്ന ഇലഞ്ഞിത്തറ മേളത്തിൽ നിന്ന് (ഫയൽ ചിത്രം)
തൃശ്ശൂര്‍: മേളലോകത്ത് ഏറെ ചര്‍ച്ചയായ തീരുമാനമാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ നിന്നും പെരുവനം കുട്ടന്മാരാരുടെ നേതൃമാറ്റം.
പ്രാമാണ്യത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ ഒരുതവണകൂടി ബാക്കിനില്‍ക്കെയുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത മാറ്റത്തിന് പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായുള്ള തര്‍ക്കമാണ് മൂലകാരണം. അപ്രതീക്ഷിത നേതൃമാറ്റത്തിന്റെ കാരണമറിയാന്‍ അല്പം പിന്നോട്ടു പോകാം.
രംഗം ഒന്ന്: കഴിഞ്ഞവര്‍ഷത്തെ ഇലഞ്ഞിത്തറമേളം. മുന്‍നിരയില്‍ നിരക്കേണ്ട കേളത്ത് അരവിന്ദാക്ഷമാരാര്‍ ഒഴിവായ സ്ഥാനത്ത് താത്കാലികമായി നില്‍ക്കാനുള്ള ഭാഗ്യം പെരുവനം കുട്ടന് മാരാരുടെ മകന് കാര്‍ത്തിക്കിന് വന്നുചേര്‍ന്നു. മേളപ്രാമാണികന്റെ തീരുമാനത്തോട് അന്നത്തെ ഭരണസമിതിയംഗങ്ങളിലെ പ്രമുഖര്‍ ചേര്‍ന്നുനിന്നു. പിന്നീട്, പാറമേക്കാവ് ദേവസ്വത്തിലെ ഭരണസമിതിയില്‍ കാതലായ മാറ്റങ്ങള്‍ വന്നു. ഭരണസമിതിക്ക് കുട്ടന് മാരാരോട് പ്രിയം പോരെന്ന അവസ്ഥയായി.
രംഗം രണ്ട്: കഴിഞ്ഞ വെള്ളിയാഴ്ച പാറമേക്കാവ് ക്ഷേത്രത്തിലെ വേല. മേളത്തിന് കൊട്ടുകാരുടെ സ്ഥാനം നിശ്ചയിക്കുന്നത് ദേവസ്വത്തിന്റെ അവകാശമായതിനാല്‍ പട്ടിക തയ്യാറാക്കി പ്രാമാണികന്‍ കുട്ടന് മാരാര്‍ക്ക് നല്കി. എന്നാല്‍, മേളം തുടങ്ങിയപ്പോള്‍ ഈ പട്ടികയില്‍നിന്ന് ഭിന്നമായി പെരുവനത്തിന്റെ മകന് സ്ഥാനംപിടിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം ഭാരവാഹികള്‍ ഉടന്‍തന്നെ കുട്ടന് മാരാരോട് തിരുത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഗൗനിക്കാതെ വന്നപ്പോള്‍ ഭാരവാഹികള്‍ ഇടപെട്ട് മാറ്റം വരുത്തി. ഇതോടെ മേളം നിര്‍ത്തി കുട്ടന് മാരാര്‍ ചെണ്ട താഴെവെച്ചു.
എന്നാല്‍, ഭഗവതിയുടെ മേളം തുടരുമെന്നും കൊട്ടണോയെന്ന് താങ്കള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു ദേവസ്വം ഭാരവാഹികളുടെ നിലപാട്. ഇതോടെ അനുഷ്ഠാനത്തിന് തടസ്സം വരാതെ കുട്ടന്മാരാര് മേളം വര്‍ധിച്ച ആവേശത്തോടെ നയിച്ചു. അപ്രിയം വെളിപ്പെടുത്തുന്ന വിധത്തില്‍ ദേവസ്വത്തില്‍നിന്ന് പ്രതിഫലം പറ്റാതെയാണ് അദ്ദേഹം മടങ്ങിയതെന്നറിയുന്നു.
കാര്യങ്ങള്‍ ഇത്രത്തോളമായതോടെ കുട്ടന്‍മാരാര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ഒരുവിഭാഗം ആക്കം കൂട്ടി. വ്യക്തികളേക്കാള്‍ പ്രാധാന്യം സ്ഥാപനങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമാണെന്ന വാദം ഉയര്‍ത്തി. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ചിലര്‍ വ്യാപകമായി പ്രചരിപ്പിച്ചു.
രംഗം മൂന്ന്: ചൊവ്വാഴ്ച പകല്‍ അണിയറച്ചര്ച്ചകളുടെ ചൂടായിരുന്നു. കുട്ടന് മാരാര്‍ക്ക് പകരം ആര് എന്ന ആലോചനയ്ക്ക് പാറമേക്കാവുകാര്‍ അമാന്തിച്ചില്ല. തിരുവമ്പാടിയിലെ പ്രാമാണ്യം വഹിക്കുന്ന കിഴക്കൂട്ടിന്റെ മനസ്സറിഞ്ഞതോടെ നീക്കങ്ങള്‍ക്ക് ശരവേഗമായി. സമ്മതം മൂളിയ അനിയന് മാരാര്‍ തിരുവമ്പാടിയിലെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത രേഖാമൂലം ദേവസ്വത്തെ അറിയിച്ചു. ഒരു മാറ്റമാകാമെന്ന ആലോചനയില്‍ നിന്നിരുന്ന തിരുവമ്പാടിക്കാരും സമ്മതം മൂളി. വൈകുന്നേരം പാറമേക്കാവിന്റെ യോഗം. അവിടെ ഔദ്യോഗിക തീരുമാനമായി.
Content Highlights: peruvnam kuttan marar replaced from ilanjithara melam lead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..