കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി  കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി കണ്ടെത്തി. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും, ഐപിസി 376 എ പ്രകാരം മരണകാരണമായ ബലാത്സംഗത്തിന് 10 വര്‍ഷം തടവ്, ഐപിസി 449 പ്രകാരം വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷം കഠിന തടവ്, ഐപിസി 342 പ്രകാരം ഒരു വര്‍ഷം കഠിന തടവും 1000 രൂപ പിഴയും. ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക്‌ വധശിക്ഷയും വിധിച്ചു. വ്യത്യസ്ത വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപയാണ് അമീറുല്‍ ഇസ്ലാം പിഴയായി നല്‍കേണ്ടത്‌

അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്. 2016 ഏപ്രില്‍ 28-നാണ് കൊലപാതകം നടന്നത്.

കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്. കൊലപാതകംനടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാന്‍ പ്രതിക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അമീര്‍ അല്ല, മറ്റു രണ്ടുപേരാണ് യഥാര്‍ഥപ്രതികള്‍ എന്നുമുള്ള വാദം തെളിയിക്കാനും പ്രതിഭാഗത്തിനായില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അമീര്‍ തന്നെയാണ് ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തിയതെന്നും കോടതി കണ്ടെത്തി.

അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളും കുറ്റം സംശയാതീതമായി തെളിയിക്കുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ, തലമുടി, നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിന് പുറത്തുനിന്നുകിട്ടിയ ഒരു ജോടി ചെരിപ്പ് എന്നിവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ പ്രധാന തെളിവുകള്‍. ഇതെല്ലാം നിര്‍ണായക തെളിവുകളായി കോടതി നിരീക്ഷിച്ചു.